

മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാരെ ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നടപടി വിവാദമാകുന്നു. ബാരാമതി താലൂക്കിലെ മാലോഗാവിൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു ധനകാര്യവകുപ്പ് മന്ത്രികൂടിയായ അജിത് പവാറിൻ്റെ പ്രതികരണം. തൻ്റെ പാർട്ടിയിലെ സ്ഥാനാർത്ഥികളെല്ലാം തെരഞ്ഞെടുക്കപ്പെട്ടാൻ വികസനത്തിനുള്ള ഫണ്ടിൽ കുറവുണ്ടാകില്ലെന്നും എന്നാൽ വോട്ടർമാർ സ്ഥാനാർത്ഥികളെ നിരാകരിച്ചാൽ ഫണ്ട് താനും നിരാകരിക്കും എന്ന അജിത് പവാറിൻ്റെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. 'നിങ്ങൾ 18 എൻസിപി സ്ഥാനാർത്ഥികളെയും തിരഞ്ഞെടുത്താൽ ഫണ്ടുകളുടെ കുറവുണ്ടാകില്ലെന്ന് ഞാൻ ഉറപ്പാക്കും. നിങ്ങൾ എല്ലാവരെയും തിരഞ്ഞെടുത്താൽ, വാഗ്ദാനം ചെയ്തതെല്ലാം ഞാൻ നിറവേറ്റും. എന്നാൽ നിങ്ങൾ എന്റെ സ്ഥാനാർത്ഥികളെ 'വെട്ടിക്കളഞ്ഞാൽ', ഞാനും (ഫണ്ട്) 'വെട്ടിക്കളയും'. നിങ്ങൾക്ക് വോട്ടുചെയ്യാനുള്ള അധികാരമുണ്ട്, ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ട്. ഇപ്പോൾ നിങ്ങൾ എന്തുചെയ്യണമെന്ന് തീരുമാനിക്കുക എന്നായിരുന്നു അജിത് പവാറിൻ്റെ പരാമർശം.
കേന്ദ്രത്തിനും സംസ്ഥാനത്തിനും നിരവധി പദ്ധതികളുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഇവയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും ഈ പദ്ധതികൾ ശരിയായി നടപ്പിലാക്കുകയും ചെയ്താൽ, നമുക്ക് മാലേഗാവിന്റെ വികസനം ഉറപ്പാക്കാൻ കഴിയുമെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
അജിത് പവാറിൻ്റെ പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. അജിത് പവാറിൻ്റെ നിലപാടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. 'സാധാരണക്കാർ നൽകുന്ന നികുതിയിൽ നിന്നാണ് ഫണ്ട് നൽകുന്നത്, അജിത് പവാറിന്റെ വീട്ടിൽ നിന്നല്ല. പവാറിനെപ്പോലുള്ള ഒരു നേതാവ് വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യുന്നത്?' എന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അംബാദാസ് ദാൻവെയുടെ പ്രതികരണം.
നേരത്തെയും അജിത് പവാറിൻ്റെ പരാമർശങ്ങൾ വിവാദമായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ തന്റെ നിയമസഭാ മണ്ഡലമായ ബാരാമതിയിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയ അജിത് പവാറിന് ജനങ്ങൾ മെമ്മോറാണ്ടം കൈമാറുമ്പോൾ അദ്ദേഹം നടത്തിയ പ്രതികരണമാണ് വിവാദമായത്. 'നിങ്ങൾ എനിക്ക് വോട്ട് ചെയ്തു, പക്ഷേ അതിനർത്ഥം നിങ്ങൾ എന്നെ സ്വന്തമാക്കി എന്നല്ല' എന്ന് കോപത്തോടെയായിരുന്നു അജിത് പവാറിൻ്റെ പ്രതികരണം. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അജിത് പവാർ ഫോണിൽ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു.
വരൾച്ചയെ തുടർന്ന് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം സമരം നടത്തിയ ഒരു കർഷകനെ 2013ൽ അജിത് പവാർ പരിഹസിച്ചതും വിവാദമായിരുന്നു. 'അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് സോളാപൂരിൽ നിന്നുള്ള ഒരാൾ 55 ദിവസമായി നിരാഹാര സമരം നടത്തുന്നു. പക്ഷേ നമുക്ക് എവിടെ നിന്ന് വെള്ളം ലഭിക്കും? മൂത്രമൊഴിക്കണോ? കുടിക്കാൻ വെള്ളമില്ലാത്തപ്പോൾ മൂത്രമൊഴിക്കാൻ പ്രയാസമാണ്' എന്നായിരുന്നു അജിത് കുമാറിൻ്റെ പ്രതികരണം.
Content Highlights: You have votes, I have funds; if you reject, I will too: Ajit Pawar tells electors