മംദാനി-ട്രംപ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള തരൂരിൻ്റെ അഭിപ്രായം രാഹുൽ ഗാന്ധിക്കെതിരായ ആയുധമാക്കി ബിജെപി

കുടുംബത്തിന് പകരം ഇന്ത്യയെ ഒന്നാമതെത്തിക്കണമെന്ന് ശശി തരൂർ ഒരിക്കൽ കൂടി കോൺ​ഗ്രസിനെ ഓർമ്മിപ്പിക്കുന്നുവെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല

മംദാനി-ട്രംപ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള തരൂരിൻ്റെ അഭിപ്രായം രാഹുൽ ഗാന്ധിക്കെതിരായ ആയുധമാക്കി ബിജെപി
dot image

ന്യൂഡൽഹി: ഡോണൾഡ് ട്രംപ് സൊഹ്റാൻ മംദാനി കൂടിക്കാഴ്ചയെ പ്രശംസിച്ച് കൊണ്ടുള്ള ശശി തരൂരിൻ്റെ നിലപാട് രാഹുൽ ​ഗാന്ധിക്ക് സന്ദേശമാകണമെന്ന് ബിജെപി. തരൂരിൻ്റെ പ്രസ്താവനയിൽ നിന്ന് രാഹുൽ ​ഗാന്ധിക്ക് സന്ദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല വ്യക്തമാക്കിയത്. ശശി തരൂരിൻ്റെ പ്രസ്താവനയെ ബിജെപി വക്താവ് പ്രശംസിക്കുകയും ചെയ്തു. ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഇന്ത്യയിൽ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ഡോണൾഡ് ട്രംപ് സൊഹ്റാൻ മംദാനി കൂടിക്കാഴ്ചയെ ചൂണ്ടിക്കാണിച്ച് കൊണ്ട് ശശി തരൂർ അഭിപ്രായപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ട്കൊള്ള നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് തെളിവുകൾ അടക്കം പുറത്ത് വിട്ട് രാഹുൽ ​ഗാന്ധി നിരന്തരം ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിൻ്റെ പ്രസ്താവന രാഹുൽ ​ഗാന്ധിക്ക് സന്ദേശമാകണമെന്ന് ബിജെപി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കുടുംബത്തിന് പകരം ഇന്ത്യയെ ഒന്നാമതെത്തിക്കണമെന്ന് ശശി തരൂർ ഒരിക്കൽ കൂടി കോൺ​ഗ്രസിനെ ഓർമ്മിപ്പിക്കുന്നുവെന്നും ഷെഹ്‌സാദ് പൂനവല്ല എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചു. ജനാധിപത്യപരമായി പെരുമാറണം, പരാജിതരെപ്പോലെ പെരുമാറരുത്. പക്ഷേ രാഹുൽ ഗാന്ധിക്ക് സന്ദേശം മനസ്സിലാകുമോ? ശശിക്കെതിരെ വീണ്ടും ഒരു ഫത്‌വ തയ്യാറാവുന്നോ? എന്നും പൂനാവാല എക്‌സ് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച സൊഹ്റാൻ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രം​ഗത്ത് വന്നിരുന്നു. ട്രംപിൻ്റെ നയങ്ങളെ ശക്തമായ ഭാഷയിൽ മംദാനിയും വിമർശിച്ചിരുന്നു. മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫെ‍ഡറൽ ഫണ്ട് തടയുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട മംദാനി വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച ശ്രദ്ധേയമായി മാറിയത്. ഊഷ്മളമായ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോടുള്ള ഇരുവരുടെയും പ്രതികരണത്തിൻ്റെ വീഡിയോ എക്സിൽ പങ്കുവെച്ചു കൊണ്ടായിരുന്നു മംദാനി-ട്രംപ് കൂടിക്കാഴ്ചയെ ഇന്ത്യൻ സാഹചര്യവുമായി ബന്ധിപ്പിച്ച് ശശി തരൂർ അഭിപ്രായ പ്രകടനം നടത്തിയത്. 'ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. വാചാടോപപരമായ തടസ്സങ്ങളൊന്നുമില്ലാതെ, തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ, ആളുകൾ തമ്മിൽ സംസാരിച്ചുകഴിഞ്ഞാൽ, നിങ്ങൾ സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ രണ്ട് പേരും പഠിക്കുക. ഇന്ത്യയിൽ ഇത് കൂടുതൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ പങ്ക് നിർവഹിക്കാൻ ഞാൻ ശ്രമിക്കുന്നു' എന്നായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം.

തരൂരിൻ്റെ ബിജെപി അനുകൂല നിലപാടുകൾക്കെതിരെ കോൺ​ഗ്രസിൽ ശക്തമായ എതിർപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തരൂരിൻ്റെ ഏറ്റവും പുതിയ അഭിപ്രായ പ്രകടനം രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി ഉപയോ​ഗിച്ചിരിക്കുന്നത്. നേരത്തെ നവംബർ 18ന് മാധ്യമ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ തരൂർ പ്രശംസിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ബിജെപിയുമായി യോജിക്കുന്നുണ്ടെങ്കിൽ ശശി തരൂർ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്ന് വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ആവശ്യപ്പെട്ടിരുന്നു. നവംബർ ഒൻപതിന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ പ്രശംസിച്ച തരൂരിൻ്റെ നിലപാടും കോൺ​ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു.

Content Highlights: BJP uses Shashi Tharoor post praising Trump-Mamdani meeting to attack Rahul Gandhi

dot image
To advertise here,contact us
dot image