ബിഹാറിൽ സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറെന്ന് ഒവൈസി; പക്ഷേ ഒരു കണ്ടീഷനുണ്ട്

നിലപാട് വ്യക്തമാക്കി അസദുദ്ദീൻ ഒവൈസി

ബിഹാറിൽ സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറെന്ന് ഒവൈസി; പക്ഷേ ഒരു കണ്ടീഷനുണ്ട്
dot image

പാട്‌ന: ബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കാൻ ഒരുക്കമാണെന്നും എന്നാൽ അവഗണിക്കപ്പെട്ടു കിടക്കുന്ന സീമാഞ്ചൽ പ്രദേശത്തിന് പരിഗണന നൽകണമെന്നും എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. വികസനം പട്‌നയിലും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാജ്ഗിറിലും മാത്രമല്ല ഉണ്ടാവേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർമറിൽ നടന്ന പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീമാഞ്ചലില്‍ അഞ്ച് സീറ്റുകളിൽ ഒവൈസിയുടെ പാർട്ടി വിജയിച്ചിരുന്നു.

'നിതീഷ് കുമാറിന്റെ സർക്കാരിന് പിന്തുണ നൽകാൻ തയ്യാറാണ്. എന്നാൽ സീമാഞ്ചൽ പ്രദേശത്തിന് നീതി ലഭിക്കണം. എത്രകാലം എല്ലാ വികസനവും പട്‌നയും രാജ്ഗിറും കേന്ദ്രീകരിച്ച് നടപ്പാക്കും? നദി കരകവിഞ്ഞൊഴുകുന്നതിലൂടെ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍, കുടിയേറ്റം, വ്യാപകമായ അഴിമതി എന്നിവയിൽ സീമാഞ്ചൽ ഇപ്പോഴും വലയുകയാണ്. സർക്കാർ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം '- ഒവൈസി പറഞ്ഞു.

ബിഹാറിന്റെ വടക്കുകിഴക്കൻ പ്രദേശമായ സീമാഞ്ചൽ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ്. സംസ്ഥാനത്ത് വികസനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന പ്രദേശമാണിത്. കോശി നദി കരകവിഞ്ഞ് ഒഴുകുന്നതിനെ തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ എല്ലാവർഷവും സീമാഞ്ചൽ വാസികൾ ദുരിതത്തിലാകാറുണ്ട്.. സീമാഞ്ചലിന്റെ ജനസംഖ്യയിൽ 80 ശതമാനവും ഗ്രാമീണ മേഖലയിലാണ് താമസിക്കുന്നത്. പ്രദേശത്തെ 24 മണ്ഡലങ്ങളിൽ 14 സീറ്റുകളും എൻഡിഎ നേടിയപ്പോൾ, 2020ലെ തെരഞ്ഞെടുപ്പിന് സമാനമായി സീമാഞ്ചലിലെ അഞ്ച് സീറ്റുകൾ ഒവൈസിയുടെ പാർട്ടിയാണ് നേടിയത്. എന്നാൽ കഴിഞ്ഞതവണ വിജയിച്ച നാല് എംഎൽഎമാർ കൂറുമാറി ആർജെഡിയിൽ ചേർന്നിരുന്നു.

ഇത്തവണ തങ്ങളുടെ അഞ്ച് എംഎൽഎമാരും ആഴ്ചയിൽ രണ്ട് ദിവസം മണ്ഡലത്തിലെ ഓഫീസിലുണ്ടാവുമെന്നും അവർ അവരുടെ ചിത്രങ്ങളും വാട്‌സ്ആപ്പ് ലൊക്കേഷനും തനിക്ക് അയച്ചു നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ഒവൈസി വ്യക്തമാക്കി.

Content Highlights: Owaisi lends support to NDA in Bihar with a condition

dot image
To advertise here,contact us
dot image