ബെംഗളൂരിൽ സിനിമാ സ്റ്റൈൽ കൊള്ള;എടിഎമ്മിലേക്ക് എത്തിച്ച ഏഴ് കോടിയോളം രൂപ കവർന്നു, പ്രതികൾക്കായി തിരച്ചിൽ ഊർജിതം

നികുതി ഉദ്യോഗസ്ഥരുടെ വേഷമണിഞ്ഞാണ് സംഘം കാശ് കവര്‍ന്നത്

ബെംഗളൂരിൽ സിനിമാ സ്റ്റൈൽ കൊള്ള;എടിഎമ്മിലേക്ക് എത്തിച്ച ഏഴ് കോടിയോളം രൂപ കവർന്നു, പ്രതികൾക്കായി തിരച്ചിൽ ഊർജിതം
dot image

ബെംഗളൂരു: ബെംഗളൂരുവില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. ജയനഗറിലെ എടിഎമ്മിലേക്ക് എത്തിച്ച ഏഴ് കോടി 11 ലക്ഷം രൂപയാണ് കവര്‍ന്നത്. പണവുമായി വന്ന വാന്‍ തടഞ്ഞ്, അതിലെ ജീവനക്കാരെയും തട്ടിക്കൊണ്ടുപോയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി പോയ വാനാണ് ഒരു കൂട്ടം ആയുധധാരികളായ സംഘം കവര്‍ന്നത്.

ജയനഗറിലെ അശോക് പില്ലറിന് സമീപം പത്ത് മണിക്കായിരുന്നു സംഭവം. നികുതി ഉദ്യോഗസ്ഥരുടെ വേഷമണിഞ്ഞാണ് സംഘം കാശ് കവര്‍ന്നത്. പണവുമായി വന്ന വാനിന് കുറുകെ ഇന്നോവ കാര്‍ നിര്‍ത്തിയിട്ട് നികുതി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഇന്നോവയില്‍ പണം നിറയ്ക്കുകയായിരുന്നു. രണ്ട് ജീവനക്കാരായിരുന്നു പണവുമായി വന്ന വാഹനത്തിലുണ്ടായിരുന്നത്.

ജീവനക്കാരോട് ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ ഐഡി കാര്‍ഡുകള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന ജീവനക്കാരെ ഇന്നോവയിലേക്ക് കയറ്റി. സ്റ്റാഫുകളെ വിശ്വസിപ്പിക്കാനായി ചില പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. കുറച്ച് ദൂരം സഞ്ചരിച്ച ശേഷം ഡയറി സര്‍ക്കിളില്‍ എത്തിയപ്പോള്‍ ജീവനക്കാരെ ബലം പ്രയോഗിച്ച് കാറില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് സംഘം ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Content Highlights: 7 crore rupees taken to ATM stolen in Bengaluru

dot image
To advertise here,contact us
dot image