മാസംതികയാതെ പ്രസവിച്ച കുഞ്ഞുമായി പോയ ആംബുലൻസിന് തീപിടിച്ചു:കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേർ വെന്തുമരിച്ചു

കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്

മാസംതികയാതെ പ്രസവിച്ച കുഞ്ഞുമായി പോയ ആംബുലൻസിന് തീപിടിച്ചു:കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേർ വെന്തുമരിച്ചു
dot image

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ഇന്നലെ മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. അപകടത്തില്‍ ഒരുദിവസം മാത്രം പ്രായമുളള ആണ്‍കുഞ്ഞും പിതാവും ഡോക്ടറും നഴ്‌സും മരിച്ചു. മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

മഹിസാഗര്‍ ജില്ലയിലെ ലുനാവാഡയിലുളള സ്വകാര്യ ആശുപത്രിയിലേക്കാണ് കുഞ്ഞിനെ ആദ്യം എത്തിച്ചത്. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് എത്തിക്കാനായി അഹമ്മദാബാദിലെ ഓറഞ്ച് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്‌സും ഉള്‍പ്പെടുന്ന ആംബുലന്‍സ് അയച്ചത്. തുടര്‍ന്ന് കുഞ്ഞുമായി പിതാവും രണ്ട് ബന്ധുക്കളും ആംബുലന്‍സില്‍ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. എന്നാല്‍ മൊദാസയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നു. തീ വളരെ പെട്ടെന്ന് ആളിപ്പടര്‍ന്നു. അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുന്നതിന് മുന്‍പേ തന്നെ കുഞ്ഞും പിതാവും ഡോക്ടറും നഴ്‌സും വെന്തുമരിച്ചു.

ജിഗ്നേഷ് മോച്ചി (38) എന്നാണ് മരിച്ച പിതാവിന്റെ പേര്. രാജ് കിരണ്‍ സാന്ഥിലാല്‍ റെന്റിയ എന്ന ഡോക്ടര്‍, ഭൂരി മനാത്ത് എന്ന നഴ്‌സ് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ടുപേര്‍. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പൊളളലേറ്റിരുന്നു. ഡ്രൈവറുടെ ക്യാബിനില്‍ ഇരുന്ന ജിഗ്നേഷിന്റെ ബന്ധുക്കള്‍ക്കാണ് ഗുരുതരമായി പൊളളലേറ്റത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Content Highlights: Ambulance fire accident: Four including newborn baby, father and doctor were burnt to death

dot image
To advertise here,contact us
dot image