

ജിയോ പൊളിറ്റിക്സുമായി ബന്ധപ്പെട്ട് സങ്കീർണ്ണമായ പലവിധ നീക്കങ്ങൾ ആഗോള തലത്തിൽ നടക്കുന്ന കാലമാണിത്. നയതന്ത്രപരമായും സൈനികപരമായും തങ്ങളുടെ തന്ത്രപരമായ മേൽക്കോയ്മ നിലനിർത്താൻ ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം വ്യത്യസ്തമായ നീക്കങ്ങള്‍
ആവിഷ്കരിച്ച് വരികയാണ്. ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന എന്നാൽ വളരെ നിർണ്ണായകമായ ആയുധ പരീക്ഷണങ്ങൾ നടത്തുന്ന രാജ്യമെന്ന നിലയിലാണ് ഉത്തര കൊറിയ ശ്രദ്ധേയരാകുന്നത്.
ഉത്തര കൊറിയയുടെയും അവരുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിൻ്റെയും നീക്കങ്ങൾ പലപ്പോഴും അത്രയേറെ രഹസ്യാത്മകമാണ്. ഉത്തര കൊറിയ ഔദ്യോഗികമായി പുറത്ത് വിടുന്ന വിവരങ്ങളോ, പാശ്ചാത്യ മാധ്യമങ്ങൾ പുറത്ത് വിടുന്ന വാർത്തകളോ ആണ് ഇത്തരം വിവരങ്ങൾ അറിയാൻ ലോകം ഇന്ന് ആശ്രയിക്കുന്നത്. ലോകത്തെ വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികൾക്ക് പോലും ഉത്തരകൊറിയയുടെ ഇത്തരം നീക്കങ്ങളിൽ അത്രയൊന്നും വ്യക്തതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിലുള്ള അയൽപക്ക ബന്ധം ചരിത്രപരമായ നിരവധി കാരണങ്ങളാൽ എല്ലാക്കാലവും സംഘർഷഭരിതമാണ്. അതിനാൽ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള കൊമ്പുകോർക്കലുകൾ സർവ്വസാധാരണവുമാണ്. മിസൈലുകളും, തോക്കുകളും അല്ല മറിച്ച് മാലിന്യവും വിസർജ്യവും കൊണ്ട് ദക്ഷിണ കൊറിയയെ ഉത്തര കൊറിയ ആക്രമിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഉത്തര കൊറിയയ്ക്കെതിരെ ദക്ഷിണ കൊറിയ നടത്തിയ നീക്കമാണ്. കിം ജോങ്ങ് ഉന്നിനെ ലക്ഷ്യമിട്ട് ദക്ഷിണ കൊറിയ നടത്തിയ ഒരു രഹസ്യ നീക്കത്തെ കുറിച്ചുള്ള വാർത്ത CNNനാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ്ങിന്റെ ഹൃദയഭാഗത്തേക്ക് രഹസ്യ ഡ്രോൺ അയച്ച് ഉത്തരകൊറിയൻ നേതാവിനെ പ്രകോപിപ്പിക്കാനുള്ള ശ്രമം ദക്ഷിണ കൊറിയ നടത്തിയെന്നാണ് റിപ്പോർട്ട്. ഇത് വ്യക്തമാക്കുന്ന ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റിന്റെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെയും ആശയവിനിമയ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പദ്ധതി ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റിന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്ന് ദക്ഷിണ കൊറിയൻ പ്രോസിക്യൂട്ടർമാർ ആരോപിച്ചിരിക്കുന്നത്. പട്ടാള നിയമം പ്രഖ്യാപിക്കാനുള്ള ശ്രമം പരാജയപ്പെടുത്തുന്നതിന് മുമ്പുള്ള ഗൂഢാലോചനയുടെ പുതിയ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ, മുൻ പ്രസിഡന്റ് യൂൻ സുക് യോളും മറ്റ് രണ്ട് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ ലക്‌ഷ്യം വെച്ച് പല പദ്ധതികൾ ഇട്ടിരുന്നെന്നാണ് വെളിപ്പെടുന്നത്.

ഉത്തരകൊറിയയുടെ തലസ്ഥാനം, രണ്ട് ആണവ നിലയങ്ങൾ, കിമ്മിന്റെ അവധിക്കാല വസതികൾ, കിമ്മിന്റെ പിതാവിന്റെ ജന്മസ്ഥലമായ സംജിയോൻ എന്നിങ്ങനെയുള്ള സ്ഥലങ്ങൾ വീക്ഷിച്ച് അവിടെ അസ്ഥിരമായ സാഹചര്യം ഉണ്ടാക്കാനായിരുന്നു പദ്ധതി എന്നാണ് പുറത്തു വന്ന സംഭാഷണ വിവരങ്ങൾ വ്യക്തമാക്കുന്നത്. "ഉത്തരകൊറിയയ്ക്ക് തിരിച്ചടിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് തോന്നുന്ന തരത്തിൽ അവരുടെ ദൗർബല്യത്തെ ലക്ഷ്യം വയ്ക്കുക, ശത്രുവിന്റെ നടപടിയാണ് ആദ്യം വരേണ്ടത്. യുദ്ധകാല സാഹചര്യമോ ഉത്തരകൊറിയൻ സേനയ്ക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമോ ഉണ്ടാകണം. അങ്ങനെയുള്ള നിർണായക അവസരത്തിനായി നമ്മൾ കാത്തിരിക്കണം. ഉത്തര കൊറിയയുടെ അന്ത്യം ആയിരിക്കണം നമ്മുടെ ലക്ഷ്യം" എന്നായിരുന്നു പുറത്തു വിട്ട ആ സംഭാഷണത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ദക്ഷിണ കൊറിയ രഹസ്യ ഡ്രോണുകൾ ഉത്തര കൊറിയയിലേക്ക് അയച്ചുവെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ്ങ് പ്രസ്താവിച്ചിരുന്നു. അതിനെ തുടർന്ന് ദക്ഷിണ കൊറിയയിലേക്കുള്ള എല്ലാ റോഡ്, റെയിൽ ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് ഉത്തര കൊറിയ പറയുകയും ചെയ്തു. എന്നാൽ അതിനു ശേഷം ആഴ്ചകൾക്കകം ദക്ഷിണ കൊറിയയിൽ രാഷ്ട്രീയ സാഹചര്യം മാറി. പട്ടാള നിയമം കൊണ്ടുവന്ന ദക്ഷിണ കൊറിയയുടെ പ്രസിഡന്റിന് അധികാരം നഷ്ടമാകുകയും സംഭവത്തിൽ വിചാരണ നേരിടേണ്ടി വരികയും ചെയ്തു.
ഇപ്പോഴത്തെ സംഭാഷണ വിവരങ്ങൾ പുറത്ത് വരുന്നതിന് മുൻപ് തന്നെ തങ്ങളെ തകർക്കാനുള്ള ശ്രമം ദക്ഷിണ കൊറിയ നടത്തിയതിന്റെ ദൃശ്യങ്ങളും തെളിവുകളും ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി KCNA പുറത്തു വിട്ടിരുന്നു. ഒരു മരത്തിൽ കുടുങ്ങി കിടന്ന നിലയിലുള്ള ഡ്രോണിന്റെ ചിത്രങ്ങൾ ആണ് KCNA പുറത്തു വിട്ടത്. ദക്ഷിണ കൊറിയയിൽ നിന്നുള്ള ആളില്ലാ സൈനിക വാഹനത്തോട് സാമ്യമുള്ളതാണ് ഈ ഡ്രോണ്‍ എന്നാണ് വിശകലന വിദഗ്ധർ പറഞ്ഞിരുന്നു. മാത്രമല്ല, കിം ജോങ് ഉന്നിന്റെ വീടിന് മുകളിൽ ആകാശത്ത് താഴ്ന്ന് പറക്കുന്ന ഒരു ഡ്രോണിന്റെ ചിത്രങ്ങളും KCNA പുറത്തുവിട്ടിരുന്നു. ഡ്രോണുകൾ വഴി കിം ജോങ് ഉന്നിനെ വിമർശിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത് ഉത്തരകൊറിയയെ സൈനിക നടപടിക്ക് പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ വിഷയത്തിൽ ഉത്തര കൊറിയയിൽ നിന്ന് വിമർശനം വന്ന ആദ്യ ഘട്ടങ്ങളിൽ ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി ഇതിനെ എതിർത്ത് സംസാരിച്ചിരുന്നെങ്കിലും പിന്നീട് മൗനം പാലിക്കുകയായിരുന്നു. ഇതുവരെയും ദക്ഷിണ കൊറിയയുടെ നീക്കങ്ങൾക്കെതിരെ ഉത്തര കൊറിയ പ്രതികരിച്ചിരുന്നില്ല. യുക്രെയ്നെതിരായ ആക്രമണത്തിൽ റഷ്യയിലേക്ക് 10,000-ത്തിലധികം സൈനികരെ വിന്യസിച്ചിരിക്കുകയാണ് കിം ജോങ്ങ് ഉൻ. ഒരേസമയം 2 യുദ്ധമുഖം നേരിടാൻ ഉത്തരകൊറിയയ്ക്ക് ബുദ്ധിമുട്ടായതുകൊണ്ടാകാം കിം മറ്റൊരു പ്രതികരണത്തിന് തുനിയാത്തത് എന്നാണ് വിശകലന വിദഗ്ദ്ധർ പറയുന്നത്.

ശത്രുവിനെ അനാവശ്യമായി പ്രകോപിച്ച് രാജ്യത്തെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് ഇപ്പോൾ മുൻ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂണ്‍ സുക് യൂള്‍ നേരിടുന്നത്. അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യതാൽപ്പര്യത്തിന് വിപരീതമായി പ്രവർത്തിച്ചു എന്ന കുറ്റത്തിൽ പ്രതിക്കൂട്ടിലാണ് യൂണും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ ഉദ്യോഗസ്ഥരും. ദക്ഷിണ കൊറിയയിലെ വിവാദമായ സൈനിക നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലാപ കുറ്റങ്ങളിൽ മൂവരും ഇതിനകം വിചാരണ നേരിടുകയുമാണ്.
Content Highlights : Phone note reveals South Korea's plan to bait Kim Jong Un and North Korea