

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഇടുക്കി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ജില്ലാ പഞ്ചായത്തിലെ 17 സീറ്റുകളിലെ അഞ്ച് സീറ്റുകളില്‍ ധാരണയായില്ല. അന്തിമ തീരുമാനമെടുക്കാന്‍ കെപിസിസിക്ക് വിട്ടു. യൂത്ത് കോണ്‍ഗ്രസും കടുത്ത അതൃപ്തിയിലാണ്. കരിമണ്ണൂര്‍, ഉപ്പുതറ, വെള്ളത്തൂവല്‍, പൈനാവ്, അടിമാലില്‍ സീറ്റുകളിലാണ് തീരുമാനമാവാത്തത്. കരിമണ്ണൂര്‍ ജനറല്‍ സീറ്റില്‍ വനിതാ നേതാവിനെ ഇറക്കുന്നതിലാണ് എതിര്‍പ്പ്. ഉപ്പുതറ സീറ്റ് വേണമെന്നും ആവശ്യമുണ്ട്.
അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും ധീരജ് കൊലക്കേസ് പ്രതിയുമായ നിഖില്‍ പൈലി രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടിവന്നാല്‍ മത്സരിക്കുമെന്നാണ് നിഖില്‍ പൈലിയുടെ വെല്ലുവിളി.
മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിനെ പരിഗണിക്കുന്നതിലാണ് നിഖിലിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ പരിഗണിക്കുന്നുവെന്നും നിഖില്‍ പൈലി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നിഖിലിന്റെ വെല്ലുവിളി. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ പിന്‍വലിക്കുകയും ചെയ്തു.
Content Highlights: Conflict in Idukki Congress over local body election candidacy