

നന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടാല്‍ ചിലപ്പോൾ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. ഇദ്ദേഹത്തിന്റെ പ്രവൃത്തികളും സംസാരവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ അഖണ്ഡ 2 വിന്റെ ഓഡിയോ റിലീസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലെ ബാലയ്യയുടെ എക്സ്പ്രഷൻ ആണ് വൈറലാകുന്നത്.
സ്റ്റേജിൽ സിനിമയിലെ നായികയായ സംയുക്ത മേനോൻ സംസാരിക്കവെ പിന്നിൽ നിന്ന് ബാലയ്യ മറ്റൊരാളോട് സംസാരിക്കുന്നത് കാണാം. എന്നാൽ പെട്ടെന്ന് പിന്നിൽ നിന്ന് ശബ്ദം കേട്ട് സംയുക്ത തിരിഞ്ഞ് നോക്കുമ്പോൾ ബാലയ്യ ചിരിച്ചുകൊണ്ട് നടിയോട് സംസാരിച്ചോളൂ എന്ന് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. ബാലയ്യ ആളൊരു പൂക്കി ആണെന്നാണ് കമന്റുകൾ. അഖണ്ഡ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ബാലയ്യ ചിത്രം. ബാലയ്യയുടെ ആക്ഷൻ സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. സംയുക്ത മേനോൻ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.
ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.
Content Highlights: Balayya fun video goes viral