'ഥാറും ബുള്ളറ്റും ഓടിക്കുന്നവര്‍ക്കെല്ലാം ഭ്രാന്ത്'; ഹരിയാനയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍

എല്ലാ വാഹനങ്ങളും പരിശോധനയ്ക്കായി നിര്‍ത്താറില്ല. പക്ഷേ ഒരു ഥാറാണെങ്കില്‍ അതിനെ പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

'ഥാറും ബുള്ളറ്റും ഓടിക്കുന്നവര്‍ക്കെല്ലാം ഭ്രാന്ത്'; ഹരിയാനയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍
dot image

ചണ്ഡീഗഢ്: ഥാര്‍ ഓടിക്കുന്നവര്‍ക്കെല്ലാം ഭ്രാന്താണെന്ന പരാമര്‍ശവുമായി ഹരിയാന പൊലീസ്. വാഹന പരിശോധന നടത്തുമ്പോള്‍ പൊലീസ് പാലിക്കുന്ന നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ഒ പി സിംഗ് ഇങ്ങനെ പറഞ്ഞത്.

എല്ലാ വാഹനങ്ങളും പരിശോധനയ്ക്കായി നിര്‍ത്താറില്ലെന്നും പക്ഷേ ഒരു ഥാറാണെങ്കില്‍ അതിനെ പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഥാര്‍ ആണെങ്കില്‍, നമുക്ക് എങ്ങനെ അത് വിടാന്‍ കഴിയും? അല്ലെങ്കില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിളാണെങ്കിലോ? എല്ലാ ക്രിമിനല്‍ സ്വഭാവമുള്ളവരും ഇവ ഉപയോഗിക്കുന്നു. വാഹനം തെരഞ്ഞെടുക്കുന്നത് പോലും നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഥാര്‍ ഓടിക്കുന്ന ആളുകള്‍ റോഡില്‍ വഴക്കുണ്ടാക്കുന്നു. ഒരു അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ മകന്‍ ഥാര്‍ ഓടിക്കുന്നതിനിടെ ഒരാളുടെ മേല്‍ ഇടിച്ചു. അയാള്‍ തന്റെ മകനെ വെറുതെ വിടാനാണ് ആഗ്രഹിക്കുന്നത്. വണ്ടി ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. അത് പൊലീസുകാരന്റെ പേരിലാണ്, അതിനാല്‍ അയാളാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍', അദ്ദേഹം പറഞ്ഞു.

പൊലീസുകാരുടെ ഒരു ലിസ്റ്റ് എടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകുമെന്ന് ഒപ്പമിരുന്ന പൊലീസുകാരോട് അദ്ദേഹം ചോദിച്ചു. ആ വണ്ടി ആര്‍ക്കൊക്കെയുണ്ടോ, അവര്‍ക്കൊക്കെ ഭ്രാന്താണെന്നും സിംഗ് ആരോപിച്ചു.

ഹരിയാന ഡിജിപി തമാശ രൂപേണയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഥാറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഥാറിന് മുകളില്‍ കയറിയിരുന്ന് യുവതികള്‍ അഭ്യാസം കാണിച്ചതും റോഡരികിലെ വൈദ്യുത തൂണില്‍ ഇടിച്ചതും ഓടുന്ന വാഹനത്തില്‍ നിന്ന് മൂത്രമൊഴിച്ചതുമടക്കമുള്ള സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ ഥാറുകള്‍ അശ്രദ്ധമായി ഓടിച്ച് അപകടങ്ങളുണ്ടാക്കിയ നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഥാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടങ്ങളില്‍ പെടുന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Haryana Top Cop says People Who Drive A Thar Must Be Crazy

dot image
To advertise here,contact us
dot image