'ദളപതി' എന്ന് കേട്ട് മടുത്തു, പാട്ടിൽ കുത്തിക്കയറ്റുന്നത് നിർത്തിക്കൂടെ; ജനനായകനിലെ ഗാനത്തിന് വിമർശനം

ഇടക്കിടെ ഗാനത്തിന്റെ വരികൾക്കിടയിൽ 'ദളപതി' എന്ന് ഉപയോഗിക്കുന്നത് അരോചകമായി അനുഭവപ്പെടുന്നു എന്നാണ് കമന്റുകൾ

'ദളപതി' എന്ന് കേട്ട് മടുത്തു, പാട്ടിൽ കുത്തിക്കയറ്റുന്നത് നിർത്തിക്കൂടെ; ജനനായകനിലെ ഗാനത്തിന് വിമർശനം
dot image

ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വിജയ് ചിത്രം ജനനായകന്റെ ഫസ്റ്റ് സിംഗിൾ ഇന്നലെ പുറത്തിറങ്ങി. അനിരുദ്ധിന്റെ സംഗീതത്തിൽ നിറഞ്ഞാടുന്ന വിജയ്‌യെ ആണ് ഗാനത്തിൽ കാണുന്നത്. ഒപ്പം കട്ടയ്ക്ക് പൂജ ഹെഗ്ഡെയും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ചുവടുവെക്കുന്നുണ്ട്. ഒരു പക്കാ സെലിബ്രേഷൻ വൈബിൽ ഒരുക്കിയ ഗാനമാണ് 'ദളപതി കച്ചേരി' എന്ന പേരിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഗാനം പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.

ഗാനത്തിന്റെ വരികളിൽ ഇടക്കിടെ 'ദളപതി' എന്ന വാക്ക് വരുന്നുണ്ട്. ഇതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്. വിജയ്‌യെ സിനിമയിൽ ദളപതി എന്നാണ് ആരാധകർ വിളിക്കുന്നത്. എന്നാൽ ഇടക്കിടെ ഗാനത്തിന്റെ വരികൾക്കിടയിൽ ദളപതി എന്ന് ഉപയോഗിക്കുന്നത് അരോചകമായി അനുഭവപ്പെടുന്നു എന്നാണ് കമന്റുകൾ. രജനി, ഷാരൂഖ് ഖാൻ, ചിരഞ്ജീവി ചിത്രങ്ങളിലെ ഗാനങ്ങൾക്കും ഇതേ പരാതി പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്. രജനി സിനിമകളിൽ എല്ലാം തലൈവർ, സൂപ്പർസ്റ്റാർ എന്നീ ടാഗുകൾ ഗാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇതും കുറച്ചു നാളുകളായി പ്രേക്ഷകർ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്.

എന്നാൽ ഗാനം പുറത്തുവന്നതിന് പിന്നാലെ ജനനായകൻ ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന സംശയങ്ങൾ ആരാധകർക്കിടയിൽ ശക്തമാകുകയാണ്. രണ്ട് കാരണമാണ് വിജയ് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്ക് തന്നെയെന്ന് ഉറപ്പിക്കുന്നതെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ജനനായകനിലെ ഗാനത്തിന് സമാനമായ ഒരു ഗാനം ബാലയ്യ ചിത്രത്തിലും ഉണ്ടെന്നും അതിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ബാലയ്യയും ശ്രീലീലയും കാജൽ അഗർവാളും പ്രത്യക്ഷപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് വിജയ് ഫാൻസ്‌. ജനനായകനിലെ ഗാനത്തിലും വിജയ്‌ക്കൊപ്പം പൂജയും മമിതയും പ്രത്യക്ഷപ്പെടുന്നുണ്ട്.

vijay

മമിത കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാലയാണ് റീമേക്ക് എന്ന് ഉറപ്പിക്കാനുള്ള മറ്റൊരു കാരണം. ഭഗവന്ത് കേസരിയിൽ ശ്രീലീലയുടെ കഥാപാത്രം ഒരു ലോക്കറ്റ് ധരിച്ചിട്ടുണ്ട്. ഇതിന് സമാനമായ ഒരു ലോക്കറ്റ് ജനനായകനിലെ ഗാനത്തിൽ മമിതയും ധരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ഇതോടെയാണ് ചിത്രം റീമേക്ക് ആണെന്ന് ഉറപ്പിച്ചത്. നിരവധി പേർ ഇതിൽ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തുന്നുണ്ട്.

ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് റോമിയോ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: Thalapathy words in Jananayagan song gets criticism

dot image
To advertise here,contact us
dot image