

കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്‍റെ ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി നാടിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഔദ്യോഗിക ചടങ്ങുകളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആര്‍എസ്എസിന്റെ ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. ആര്‍എസ്എസിന്റെ ഗണഗീതം ആര്‍എസ്എസിന്‌റെ വേദിയിൽ പരിപാടിയില്‍ പാടിയാല്‍ മതിയെന്നും സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
'ബിജെപി നാടിനെ വീണ്ടും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ഔദ്യോഗിക ചടങ്ങില്‍ ആര്‍എസ്എസിന്റെ ഗണഗീതം കുട്ടികളെക്കൊണ്ട് പാടിച്ചിരിക്കുകയാണ്. അതിന് കുട്ടികളെ വിട്ടുകൊടുത്ത സ്‌കൂള്‍ ഏതാണെന്ന് അന്വേഷിക്കണം. അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. വര്‍ഗീയവല്‍ക്കരണത്തിന് കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുത്തത്. ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ പാടില്ല. ആര്‍എസ്എസിന്റെ ഗണഗീതം അവരുടെ ചടങ്ങില്‍ അവര്‍ പാടിക്കോട്ടെ. ഔദ്യോഗിക ചടങ്ങില്‍ പറ്റില്ല. ഔദ്യോഗിക ചടങ്ങുകളില്‍ ഒരു കാരണവശാലും പാടില്ല. സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം അനുവദിക്കില്ല. ഗണഗീതം ദേശഭക്തിഗാനമൊന്നുമല്ല. ആര്‍എസ്എസിന്റെ ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകുന്നത്? ജനഗണമനയും വന്ദേമാതരവുമൊക്കെയാണ് ഔദ്യോഗികമായി അംഗീകരിച്ച ദേശഭക്തിഗാനങ്ങള്‍. ആര്‍എസ്എസിന്റെ ഗണഗീതം ആര്‍എസ്എസിന്‌റെ പരിപാടിയില്‍ പാടിയാല്‍ മതി. കുട്ടികള്‍ നിഷ്‌കളങ്കമായി അങ്ങ് പാടില്ലല്ലോ? ആരെങ്കിലും അതിന് പിറകില്‍ പ്രവര്‍ത്തിച്ചാലല്ലേ പാടുകയുളളു. മാത്രമല്ല കുട്ടികള്‍ നിഷ്‌കളങ്കമായി പാടിയ പാട്ട് റെയില്‍വേ എന്തിനാണ് പങ്കുവെച്ചത്? വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്ത് രണ്ടാമത് വാശിയോടെ വീണ്ടും പങ്കുവെച്ചത്? ഇതൊന്നും ശരിയല്ല. അത് ശക്തമായി എതിര്‍ക്കും': വി ഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഐഎമ്മിനും എല്‍ഡിഎഫിനും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു സ്‌ക്വാഡ് രൂപീകരിക്കുന്നതായി അറിഞ്ഞെന്നും അതിനെ അതിശക്തമായി എതിര്‍ക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.' നിങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെങ്കില്‍ ആവാം. അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ സര്‍ക്കാര്‍ ചെലവില്‍, നാട്ടുകാരുടെ ചെലവില്‍ സ്‌ക്വാഡ് ഉണ്ടാക്കി, സര്‍വേ എന്ന പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. കേരളം കടത്തിന്റെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുകയാണ്. കടം വാങ്ങി സംസ്ഥാനം മുടിഞ്ഞിരിക്കുകയാണ്. ആ സമയത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ വേണ്ടി സര്‍ക്കാരിന്റെ പേരില്‍ നവകേരള സര്‍വേ എന്ന പേരില്‍ സര്‍വേ നടത്താന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സർക്കുലര്‍ കൊടുത്തിരിക്കുകയാണ്. എല്ലാം പാര്‍ട്ടിക്കാരെവെച്ച് വേണമെന്ന്. പാര്‍ട്ടിക്കാരെ വെച്ച് അവര് എന്തുവേണമെങ്കിലും ചെയ്‌തോട്ടെ. പക്ഷെ അത് പാര്‍ട്ടി ചെലവില്‍ സമ്മതിക്കില്ല. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കേരളത്തില്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. അതിനെ ശക്തമായി എതിര്‍ക്കും': വി ഡി സതീശൻ കൂട്ടിച്ചേർത്തു.
സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതും വിവാദമായിരുന്നു. 'എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: How can RSS Ganageet become a patriotic song?: VD Satheesan