'ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്'; ഹരിയാനയിൽ 'സർക്കാർ ചോരി', സർജിക്കൽ സ്‌ട്രൈക്കുമായി രാഹുൽ ഗാന്ധി

ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് 22 വോട്ടുകള്‍ ചെയ്‌തെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി

'ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്'; ഹരിയാനയിൽ 'സർക്കാർ ചോരി', സർജിക്കൽ സ്‌ട്രൈക്കുമായി രാഹുൽ ഗാന്ധി
dot image

ന്യൂഡല്‍ഹി: നാളെ ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ വോട്ട് ക്രമക്കേട് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സര്‍ക്കാര്‍ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഗുരുനാനാക്കിനെ അനുസ്മരിച്ചായിരുന്നു രാഹുൽ തുടങ്ങിയത്. 100 ശതമാനവും യാഥാര്‍ത്ഥ്യമാണ് പറയാന്‍ പോകുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.

'രാജ്യം മുഴുവന്‍ തട്ടിപ്പ് നടന്നു. ഹരിയാന എക്‌സിറ്റ് പോള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റല്‍ ബാലറ്റില്‍ 73 സീറ്റ് കോണ്‍ഗ്രസിനും 17 സീറ്റ് ബിജെപിക്കുമായിരുന്നു. വീണ്ടും വീണ്ടും പരിശോധിച്ചാണ് അന്തിമ നിഗമനത്തിലേക്ക് എത്തിയത്. യുവാക്കളായ ജെന്‍സി വിഭാഗം അവരുടെ ഭാവി എന്താണെന്ന് തിരിച്ചറിയണം', രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ വിജയമാണ് പ്രതീക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിട്ടായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം. ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് ഹരിയാനയില്‍ 22 വോട്ടുകള്‍ ചെയ്‌തെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി. ഒരേ ഫോട്ടോ വെച്ച് വ്യത്യസ്ത പേരില്‍ പത്ത് ബൂത്തുകളിലായാണ് 22 വോട്ട് രേഖപ്പെടുത്തിയത്.

Rahul Gandhi
വാർത്താ സമ്മേളനത്തിൽ നിന്നും

ഹരിയാനയില്‍ 25 ലക്ഷം വോട്ട് കൊള്ളയാണ് നടന്നതെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. '5,21,619 ഇരട്ട വോട്ടുകളാണ് ഹരിയാനയില്‍ കണ്ടെത്തിയത്. ആകെ വോട്ടര്‍മാര്‍ രണ്ട് കോടി. എട്ടില്‍ ഒരു വോട്ട് വ്യാജം. രണ്ട് കോടി വോട്ടര്‍മാരില്‍ 25 ലക്ഷം വോട്ട് കൊള്ള. ഇതില്‍ 25 ലക്ഷം കള്ള വോട്ടാണ്. ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ 100 വോട്ടുണ്ട്. ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്. വോട്ടര്‍ പട്ടികയില്‍ ഒരേ ഫോട്ടോ, ഒരേ പേര്. 104ാം നമ്പര്‍ വീട്ടില്‍ നൂറുകണക്കിന് വോട്ടുകളാണുള്ളത്. രണ്ട് ബൂത്തുകളിലായി ഒരു സ്ത്രീ 223 വോട്ട് ചെയ്തു', രാഹുല്‍ ഗാന്ധി പറഞ്ഞു.

12,477 വോട്ടുകള്‍ വ്യാജ ഫോട്ടോകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത്രയും വോട്ടുകളില്‍ ബ്ലര്‍ ചെയ്ത ഫോട്ടോകളാണ് ഉപയോഗിച്ചതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വ്യാജ വോട്ടുകളുടെ ഫയലുകളും രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 'ഉത്തര്‍പ്രദേശില്‍ വോട്ടര്‍ ഐഡിയുള്ള സര്‍പഞ്ച് ഹരിയാനയിലും വോട്ട് ചെയ്യുന്നു. ആയിരക്കണക്കിന് ആളുകള്‍ ഹരിയാനയിലും യുപിയിലും വോട്ട് ചെയ്യുന്നു', അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ മാധ്യമങ്ങളോടുള്ള പ്രതികരണവും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരും എന്ന് പറയുന്ന വീഡിയോയാണ് അദ്ദേഹം കാണിച്ചത്. ബിജെപി ഉപാധ്യക്ഷന്‍ പല്‍വലിന്റെ വീട്ടില്‍ 66 വോട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

'മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നുണ പറയുകയാണ്. 3.5 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ആ വോട്ടുകള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ആയിരുന്നു. ലോക്‌സഭയില്‍ വോട്ട് ചെയ്ത സദ്ദാംഹുസൈന്‍ എന്നയാളുടെ വോട്ട് ഒഴിവാക്കി. ഹരിയാനയില്‍ നടന്നത് തെരഞ്ഞെടുപ്പല്ല, തെരഞ്ഞെടുപ്പ് കൊള്ളയാണ്. സര്‍ക്കാര്‍ ചോരിയാണ് നടന്നത്', രാഹുല്‍ ഗാന്ധി പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ബിജെപിക്കായി നിലകൊണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലും സര്‍ക്കാര്‍ ചോരി നടപ്പാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിഹാറില്‍ നിന്നുള്ള വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലേക്ക് രാഹുല്‍ ഗാന്ധി കൊണ്ടുവന്നു. ബിഹാറിലെ ജാമുവ മണ്ഡലത്തില്‍ 187 വോട്ടുകള്‍ ഡിലീറ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയും രാഹുൽ ആഞ്ഞടിച്ചു. ഇരുവരും അധികാരത്തില്‍ ഉള്ളത് നിയമപരമായല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യം വീണ്ടെടുക്കാന്‍ ജെന്‍ സിയോടും അദ്ദേഹം ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിന്റെ അടിത്തറയാണ് വോട്ടര്‍ പട്ടിക. വോട്ടര്‍ പട്ടിക കിട്ടുന്നത് അവസാന നിമിഷമാണെന്നും സുപ്രീംകോടതി ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. എല്ലാം ഒരു കള്ളമായിരുന്നു. നടക്കുന്നത് ആര്‍എസ്എസ് ആക്രമണമാണ്. ഭരണഘടനയുടെ ആത്മാവിന് എതിരായ ആക്രമണമാണ്. ഗാന്ധിജിയെ കൊലപ്പെടുത്തി. ഗാന്ധിജിയുടെ ആശയങ്ങളെയും കൊല ചെയുന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlights: Rahul Gandhi Sarkar Chori allegation in Haryana day before Bihar election

dot image
To advertise here,contact us
dot image