

ന്യൂഡൽഹി: ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ വരുമെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് റിപ്പോർട്ടറിനോട് പറഞ്ഞു. ബിഹാർ ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ 20 വർഷമായി ബിഹാർ ജനത ഒരുപാട് അനുഭവിച്ചു. ഇത്തവണ മഹാസഖ്യം അധികാരത്തിലെത്തുമെന്നും തേജസ്വി പറഞ്ഞു. തൊഴിലില്ലായ്മക്കെതിരെയാണ് തന്റെ പോരാട്ടം. എല്ലാ കുടുംബത്തിലും സർക്കാർ ജോലി നൽകും. തന്റേത് വ്യാജ വാഗ്ദാനങ്ങളാണെന്ന ബിജെപി വിമർശനം കാര്യമാക്കുന്നില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ശേഷം ജെഡിയു നേതാവ് നിതീഷ് കുമാറിനെ ബിജെപി പുറത്താക്കും. എംഎൽഎമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും എന്നാണ് അമിത് ഷാ പറയുന്നത്. ഉറപ്പായും നിതീഷ് കുമാറിനെ ബിജെപി അവഗണിക്കും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്മാറ്റുമെന്നും തേജസ്വി യാദവ് പറഞ്ഞു.
അതേസമയം, ബിഹാറിൽ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരുമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ റിപ്പോർട്ടറിനോട് പറഞ്ഞു. മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരും. മുഖ്യമന്ത്രി ആര് എന്നതിൽ ഒരു തർക്കവുമില്ല എന്നാണ് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ പറഞ്ഞത്. മത്സരിക്കുന്ന 29 സീറ്റിലും എൽജെപി വിജയിക്കും. 225 സീറ്റിൽ വിജയിച്ച് എൻഡിഎ സംസ്ഥാനത്ത് തുടർഭരണം നേടും. വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൻഡിഎയുടെ പ്രചാരണമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞിരുന്നു.
തേജസ്വി യാദവിനെതിരെ കടുത്ത ഭാഷയിലാണ് പാസ്വാൻ വിമർശനമുന്നയിച്ചത്. തേജസ്വിയുടേത് വ്യാജ വാഗ്ദാനങ്ങളാണ്. അധികാരത്തിൽ എത്താൻ കഴിയാത്തവർക്ക് എന്തും പറയാം. പാർലമെന്റ് പാസാക്കിയ വഖഫ് നിയമം തേജസ്വിക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും. വഖഫ് നിയമത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഒരു വീട്ടിൽ ഒരു സർക്കാർ ജോലി എന്ന തേജസ്വിയുടെ വാഗ്ദാനം പൊള്ളത്തരമാണ്. അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്ന് കൂടി തേജസ്വി വ്യക്തമാക്കണമെന്ന് പാസ്വാൻ പറഞ്ഞിരുന്നു.
Content Highlights: the grand alliance will come to power in Bihar says Tejashwi Yadav