

ഡല്‍ഹി: ഛഠ് പൂജയ്ക്കെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കുളിക്കാന്‍ ബിജെപി കൃത്രിമ യമുന ഘട്ട് നിര്‍മിച്ചെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. സാധാരണ ഭക്തര്‍ മലിന ജലത്തില്‍ കുളിക്കുമ്പോള്‍ പ്രധാനമന്ത്രി മാത്രം ഫില്‍ട്ടര്‍ ചെയ്ത വെള്ളം നിറച്ച ഘട്ടില്‍ കുളിച്ചുവെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിമര്‍ശനം. വസീറാബാദ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും കൊണ്ടുവന്ന വെള്ളമാണ് മോദി ഉപയോഗിച്ചതെന്നും, ബിജെപി പൂര്‍വാഞ്ചലിയിലെത്തിയ ഭക്തരെ വഞ്ചിച്ചു എന്നും ആം ആദ്മി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആരോപണങ്ങളെ ബിജെപി തള്ളി. ആം ആദ്മി പാര്‍ട്ടിയുടെ നിരാശയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും ഭക്തര്‍ക്കായി യമുന ഘട്ട് വൃത്തിയാക്കിയിരുന്നെന്നും ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ് പ്രതികരിച്ചു.
അതേസമയം യമുന ഘട്ടിലെ വെള്ളത്തില്‍ കുളിക്കുന്നത് സുരക്ഷിതമല്ലെന്നും അതില്‍ കുളിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നത്. ബീഹാറിലെ വോട്ടുകള്‍ക്കായി മോദി ആരോഗ്യത്തോടൊപ്പം വിശ്വാസവും ഇല്ലാതാക്കുന്നു എന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാണിച്ചു.
2018നും 2024നും ഇടയില്‍ യമുന തീരത്ത് ഛഠ് പൂജ നടത്തുന്നത് ആം ആദ്മി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നീട് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ഇവിടം ഭക്തര്‍ക്കായി തുറന്ന് കൊടുക്കുകയായിരുന്നു.
ബീഹാര്‍ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആളുകളാണ് ഛഠ് ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഭക്തര്‍ ജലാശയങ്ങളില്‍ വച്ച് സൂര്യനെ ആരാധിക്കുന്ന ചടങ്ങാണ് ഇത്. ഈ വര്‍ഷത്തെ ഛഠ് പൂജയുടെ ആഘോഷങ്ങള്‍ ചൊവ്വാഴ്ച്ച അവസാനിക്കും.
Content Highlight; AAP accuses BJP of creating ‘fake Yamuna’ for PM Modi’s Chhath Puja