

യുഎസ് യൂട്യൂബർ ടെയ്‌ലർ ഒലിവേറിയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഒരു വീഡിയോയുടെ ടീസർ അപ്ലോഡ് ചെയ്തതിന് പിന്നാലെ ഉയർന്നിരിക്കുന്നത്. കർണാടകയിലെ ഒരു പ്രാദേശിക ആചാരവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ടീസറാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം തന്നെയുണ്ടാവാൻ കാരണം. ഗോർഹബ്ബ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചാണകമേറ് ആചാരമാണ് പ്രശ്‌നമായത്. ഗുമാതപുര എന്ന ഗ്രാമത്തിൽ ദീപാവലി ആഘോഷങ്ങൾ അവസാനിച്ചു എന്നറിയിക്കുന്ന ഒരു ചടങ്ങാണിത്. ഈ ചടങ്ങില്‍ ഗ്രാമത്തിലെ ആളുകള്‍ ഉണക്ക ചാണകം പരസ്പരമെറിയും.
യാത്രകളും സ്ട്രീറ്റ് ഇന്റർവ്യൂകളും കണ്ടന്റാക്കുന്ന ടെയ്‌ലർ ഇതിൽ പങ്കെടുത്തതിന് പിന്നാലെയാണ് വീഡിയോ ടീസർ ഫോളോവേഴ്‌സിനായി പങ്കുവച്ചത്. ആഘോഷത്തിൽ പങ്കെടുത്തെന്നും ഇനിയൊരിക്കലും ഇതിന്റെ ഭാഗമാകില്ലെന്നും, അതിൽ നിന്നും അതിജീവിച്ച എനിക്ക് വേണ്ടി പ്രാർഥിക്കണം എന്നുമൊക്കെയായിരുന്നു അദ്ദേഹം ടീസറിന് ക്യാപ്ഷനായി കുറിച്ചത്.
ഇന്ത്യൻ പാരമ്പര്യത്തെ അവഹേളിക്കുന്ന തരത്തിലുള്ള ക്യാപ്ഷനാണ് ടെയ്‌ലർ നൽകിയെന്ന് വിമർശിച്ചാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിനെതിരെ മാസ് റിപ്പോർട്ടിങ് നടത്തിയത്. 99.9 ശതമാനം ഇന്ത്യക്കാർക്കും ഇങ്ങനൊരു ആഘോഷത്തെ കുറിച്ചറിയാൻ സാധ്യതയില്ലെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. മുഴുവൻ രാജ്യത്തിന്റേതല്ല ഈ ആഘോഷം ഇതൊരു ഗ്രാമത്തിന്റെ മാത്രമാണ്. ദീപാവലിക്കും ചാണകമെറിയുന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നുമുണ്ട്.
മുമ്പും ഇന്ത്യയ്‌ക്കെതിരെ ഇയാൾ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അതിലൊന്ന് ഇന്ത്യയിലെത്തി 5 സ്റ്റാർ ഹോട്ടലിൽ താമസിച്ചിട്ടും അസുഖബാധിതനായെന്നും ഹോട്ടലിൽ മുട്ട വാങ്ങുന്നത് വൃത്തിയില്ലാത്ത കോഴിഫാമിൽ നി്ന്നാണെന്നും ഇയാൾ മുമ്പ് ആരോപിച്ചിട്ടുണ്ട്.
Content Highlights: US youtuber got backlash after uploading cow dung flinging ritual in Indian village