

ഇന്‍ഡോര്‍: മൂന്ന് ദിവസം മുമ്പ് ഇന്‍ഡോറില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ട ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗിയ. അവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും താരങ്ങള്‍ ഇതില്‍ നിന്ന് ഒരു പാഠം പഠിക്കണമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
'നോക്കൂ, ഒരു വീഴ്ച സംഭവിച്ചു. പക്ഷേ കളിക്കാര്‍ ആരോടും പറയാതെ പെട്ടെന്ന് അവിടെ നിന്ന് പോയി. അവര്‍ അവരുടെ പരിശീലകനോട് പോലും പറഞ്ഞില്ല. അവരുടെ ഭാഗത്തുനിന്നും തെറ്റുണ്ട്. കാരണം, വ്യക്തിഗത സുരക്ഷയും പൊലീസ് സുരക്ഷയും ഉണ്ടായിരുന്നു. പക്ഷേ അവര്‍ പോയി, അതുകൊണ്ട് ഈ സംഭവം നടന്നു,' കൈലാഷ് വിജയവര്‍ഗിയ എന്‍ഡിടിവിയോട് പറഞ്ഞു.
സംഭവം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താരങ്ങള്‍ ഇതില്‍ നിന്ന് ഒരു പാഠം പഠിക്കണം. നമ്മള്‍ മറ്റൊരു രാജ്യത്തേക്കോ മറ്റൊരു നഗരത്തിലേക്കോ പോകുമ്പോള്‍ നമ്മുടെ സ്വന്തം സുരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഐസിസി വനിതാ ലോകകപ്പിനെത്തിയ രണ്ട് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഇന്‍ഡോറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലായിരുന്നു ഓസീസ് ടീം താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് രാവിലെ അടുത്തുള്ള കഫേയിലേക്ക് നടക്കുമ്പോഴാണ് താരങ്ങളെ ഇരുചക്രവാഹനത്തിലെത്തിയ പ്രതി പിന്തുടര്‍ന്നത്.
ഇതിനിടെ താരങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇവര്‍ ഉടന്‍ വിവരം ടീം സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിയായ അഖീല്‍ ഖാനെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരില്‍ രണ്ട് ക്രിമിനല്‍ക്കേസുള്ളതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
Content Highlights: BJP minister's shocker on Australian women cricketers assaulted in Indore