സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകൻ; ഡികെയ്ക്ക് പകരം മറ്റൊരാൾ പിൻഗാമിയാകുമെന്നും സൂചന

സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സിദ്ധരാമയ്യയുടെ മകന്റെ പ്രതികരണം

സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകൻ; ഡികെയ്ക്ക് പകരം മറ്റൊരാൾ പിൻഗാമിയാകുമെന്നും സൂചന
dot image

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര സിദ്ധരാമയ്യ. കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാര്‍കിഹോളിക്ക് ഉപദേശകനായി സിദ്ധരാമയ്യ മാറുമെന്ന് സതീഷ് പറഞ്ഞു. സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ഒരാളെ കണ്ടെത്താന്‍ പ്രയാസമാണെന്നും ഒരു പുരോഗമന നേതാവെന്ന നിലയില്‍ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ജാര്‍ക്കിഹോളിക്ക് കഴിയുമെന്നും യതീന്ദ്ര പ്രതികരിച്ചു.

സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സിദ്ധരാമയ്യയുടെ മകന്റെ പ്രതികരണം. ബെലഗാവി ജില്ലയിലെ റായ്ബാഗ് താലൂക്കിലെ കപ്പലഗുഡ്ഡിയില്‍ കനകദാസ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു യതീന്ദ്രയുടെ പ്രതികരണം. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന നവംബറില്‍ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ കര്‍ണാടകയില്‍ വ്യാപകമാണ്.

എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ താന്‍ തന്നെ തുടരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. അതേസമയം പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് സര്‍ക്കാരിനെ നയിക്കാനുള്ള അവസരം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യപ്പെടുന്നത്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈയടുത്ത് നോട്ടീസ് നല്‍കിയിരുന്നു.

Content Highlights: Son Yathindra Siddaramaiah says Siddaramaiah in last phase of his political career

dot image
To advertise here,contact us
dot image