
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിക്ക് മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചെന്ന് 'മൗണ്ടൻ മാന്‍' എന്നറിയപ്പെടുന്ന ദശരഥ് മാഞ്ചിയുടെ മകന്‍ ഭാഗീരഥ് മാഞ്ചി. നേരത്തെ തനിക്ക് നല്‍കിയ വാക്ക് പാലിക്കപ്പെട്ടില്ലെന്നും സീറ്റിനുവേണ്ടി നാലുദിവസം ഡല്‍ഹിയില്‍ പോയി താമസിച്ചുവെന്നും ഭാഗീരഥ് മാഞ്ചി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഞാന്‍ ഡല്‍ഹിയില്‍ നാലുദിവസം താമസിച്ചു. പക്ഷെ എനിക്ക് ടിക്കറ്റ് ലഭിച്ചില്ല. വേണ്ട പേപ്പറുകളെല്ലാം സമര്‍പ്പിച്ചതാണ്. രാഹുല്‍ ഗാന്ധിയോടും സീറ്റ് നല്‍കണമെന്ന് പറഞ്ഞു. തരാമെന്ന് പറഞ്ഞിരുന്നു. എനിക്ക് സീറ്റ് കിട്ടുമെന്ന് പ്രതീക്ഷയുമുണ്ടായിരുന്നു. എല്ലാവര്‍ക്കും സീറ്റ് കിട്ടി. എനിക്കുമാത്രം കിട്ടിയില്ല. ഞാന്‍ നാലുദിവസം ഡല്‍ഹിയില്‍ തങ്ങിയതാണ്. എനിക്ക് രാഹുല്‍ ഗാന്ധിയെ കാണാനും കഴിഞ്ഞില്ല': ഭാഗീരഥ് മാഞ്ചി പറഞ്ഞു. ബിഹാറിലെ ഗയയ്ക്കടുത്തുളള ഗെഹ്ലോര്‍ ഗ്രാമത്തില്‍ പര്‍വ്വതം പിളര്‍ത്തി വഴിയുണ്ടാക്കിയ ആളാണ് ഭാഗീരഥ് മാഞ്ചിയുടെ പിതാവ് ദശരഥ് മാഞ്ചി.
ഇക്കഴിഞ്ഞ ജൂണില്‍ രാഹുല്‍ ഗാന്ധി ഭാഗീരഥ് മാഞ്ചിയെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. വര്‍ഷങ്ങളായി മണ്ണുകൊണ്ട് നിര്‍മിച്ച കുടിലില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് രാഹുല്‍ വീട് നിര്‍മ്മിച്ചുനല്‍കുകയും ചെയ്തിരുന്നു. അന്ന് തന്റെ പിതാവ് 22 വർഷങ്ങളെടുത്ത് പർവ്വതം പിളർത്തിയാണ് വഴിയുണ്ടാക്കിയത്, എന്നിട്ടും സർക്കാർ കുടുംബത്തിനായി ഒന്നും ചെയ്തില്ലെന്ന് ഭാഗീരഥ് മാഞ്ചി ആരോപിച്ചിരുന്നു.
'അച്ഛനെക്കുറിച്ച് നിതീഷ് കുമാർ അഭിമാനത്തോടെ സംസാരിച്ചു. ഒരു സിനിമ വരെ നിർമ്മിച്ചു. അവർ റോഡും നിർമ്മിച്ചു. പക്ഷെ ഞങ്ങൾക്കുവേണ്ടി ആരും ഒന്നും ചെയ്തില്ല. ഒരിക്കൽ ജിതൻ റാം മാഞ്ചിയോട് വീട് നിർമ്മിച്ചുനൽകാൻ ആവശ്യപ്പെട്ടപ്പോൾ, ഇപ്പോൾ ഉളള മൺവീട്ടിൽ തന്നെ താമസിക്കൂ, അതിനെന്താണ് കുഴപ്പം എന്നാണ് അദ്ദേഹം ചോദിച്ചത്. ഒരുപാട് നേതാക്കൾ ഞങ്ങളെ വന്ന് കണ്ട് ഫോട്ടോയും എടുത്ത് പോയി. രാഹുൽ ഗാന്ധി മാത്രമാണ് ഞങ്ങൾക്കുവേണ്ടത് ചെയ്തുതന്നത്': എന്നായിരുന്നു ഭാഗീരഥ് മാഞ്ചി അന്ന് പറഞ്ഞത്.
Content Highlights: Everyone got ticket, not only me: Congress did not give seat, says Bhagirath Manjhi