
പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം). മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ സ്വതന്ത്രമായി മത്സരിക്കുമെന്ന് ജെഎംഎം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്നാണ് ജെഎംഎം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. നേതാക്കന്മാർക്കിടയിലെ അനുരഞ്ജന ചർച്ചയ്ക്ക് ഒടുവിലാണ് പ്രഖ്യാപനത്തിൽ നിന്ന് ജാർഖണ്ഡ് മുക്തി മോർച്ച പിന്മാറിയത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലുള്ള സഖ്യം പുനഃപരിശോധിക്കുമെന്നും ഉചിതമായ മറുപടി നല്‍കുമെന്നും മുതിര്‍ന്ന ജെഎംഎം നേതാവ് സുദിവ്യ കുമാര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ജെഎംഎം പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിൽ മത്സരിക്കുമെന്നും ജെഎംഎം അറിയിച്ചിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ചക്കായ്, ധംധ, കട്ടോരിയ, മണിഹാരി, ജാമുയി, പിര്‍പൈന്‍തി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും സുപ്രിയോ ഭട്ടാചാര്യ പറഞ്ഞിരുന്നു.
സീറ്റ് വിഭജന തർക്കം രൂക്ഷമായതോടെ 143 സീറ്റുകളിൽ ആർജെഡി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വിയെ കോൺഗ്രസ് പ്രഖ്യാപിക്കാത്തത് അടക്കമാണ് ആർജെഡിയെ പ്രകോപിപ്പിച്ചത്. ആർജെഡിയുടെ നിലപാടാണ് സീറ്റ് വിഭജന ചർച്ചകൾ കൂടുതൽ സങ്കീർണമാക്കിയത്. ബിഹാറിൽ പത്തിലേറെ മണ്ഡലങ്ങളിൽ ഇൻഡ്യാ സഖ്യത്തിലെ കക്ഷികൾ തമ്മിൽ പരസ്പരം മത്സരിക്കും. മഹാസഖ്യത്തിനുള്ളിലെ തർക്കങ്ങളിൽ പരിഹാസവുമായി ബിജെപി രംഗത്തെത്തി. മുന്നണിക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കാൻ കഴിവില്ലാത്തവർക്ക് ഒരു സംസ്ഥാനത്തിന്റെ ഭരണം കൈകാര്യം ചെയ്യാൻ കഴിയുമോ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.
Content Highlight; JMM Pulls Out of Bihar Polls Days After Declaring Solo Contest