സംവിധായകനുമായി അടിച്ചു പിരിഞ്ഞതോ? മകുടം സിനിമയുടെ സംവിധാനം ഏറ്റെടുത്ത് വിശാൽ

മകുടം സിനിമയുടെ സംവിധാനം ഏറ്റെടുത്ത് വിശാൽ

സംവിധായകനുമായി അടിച്ചു പിരിഞ്ഞതോ? മകുടം സിനിമയുടെ സംവിധാനം ഏറ്റെടുത്ത് വിശാൽ
dot image

മദ ഗജ രാജയ്ക്ക് ശേഷം വിശാൽ നായകനായി എത്തുന്ന അടുത്ത സിനിമയാണ് മകുടം. ദുഷാര വിജയൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. വമ്പൻ ബജറ്റിൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റാറിനൊപ്പം സിനിമയുടെ സംവിധാനവും താൻ ഏറ്റെടുത്തതായി അറിയിച്ചിരിക്കുകയാണ് നടൻ വിശാൽ. 'ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ സാഹചര്യങ്ങളാണ് ഈ സിനിമ സംവിധാനം ചെയ്യുന്നതിനുമുള്ള നിർണായക തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്, നിർബന്ധം കൊണ്ടല്ല, ഉത്തരവാദിത്തം കൊണ്ടെടുത്ത ഒരു തീരുമാനം' എന്നാണ് വിശാൽ പോസ്റ്റിൽ പറയുന്നത്.

സംവിധായകൻ രവി അരശുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റി പകരം സംവിധാനം വിശാൽ ഏറ്റെടുത്തത് എന്നാണ് വിവരം. നേരത്തെ സംവിധായകനും വിശാലും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ജില്ല, കീർത്തിചക്ര, തിരുപ്പാച്ചി തുടങ്ങി നിരവധി ഹിറ്റ് തമിഴ്, മലയാളം സിനിമകൾ നിർമിച്ച സൂപ്പർ ഗുഡ് ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-ാമത് സിനിമയാണിത്.

റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ശ്രീകാന്ത് എൻബി നിർവഹിക്കുന്നു. ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. മാർക്ക് ആന്റണിക്ക് ശേഷം ജിവി പ്രകാശ് കുമാറും വിശാലും ഒന്നിക്കുന്ന സിനിമയാണിത്. ചെന്നൈയിൽ 45 ദിവസം നീണ്ട് നിൽക്കുന്ന ആദ്യ ഷെഡ്യൂളിലൂടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വിശാലിന്റെതായി അവസാനം പുറത്തിറങ്ങിയ മദ ഗജ രാജ വലിയ വിജയമാണ് നേടിയത്. ഷൂട്ട് കഴിഞ്ഞ് 12 വർഷത്തിന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 60 കോടിയാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് മദ ഗജ രാജയിൽ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.

Content Highlights:  Vishal takes over directing the movie Magudam

dot image
To advertise here,contact us
dot image