
കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ക്കിങ്ങും ഗ്രൗണ്ട് ഫ്‌ളോറും ഉള്‍പ്പെടെ 7 നിലയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വലിപ്പം കൊണ്ട് രാജ്യത്തെ സിപിഐഎമ്മിന്റെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമാണ് കണ്ണൂരിലേത്.
ആധുനിക സജ്ജീകരണങ്ങള്‍ എല്ലാം ഉള്‍പ്പെട്ട കെട്ടിടമാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത്. 25 കോടി രൂപ ചെലവഴിച്ചാണ് ഓഫീസിന്റെ നിര്‍മ്മാണം. ഓഫീസും സെക്രട്ടറിയേറ്റ്-ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരാനുള്ള പ്രത്യേകം മുറികളും സ്റ്റുഡിയോ ഉള്‍ക്കൊള്ളുന്ന നവമാധ്യമ മുറിയും 500 പേരെ ഉള്‍ക്കൊള്ളാവുന്ന എകെജി സ്മാരക ഹാളും ഉള്‍പ്പെട്ടതാണ് കെട്ടിടം.
പഴയ ഓഫീസ് കെട്ടിടത്തിന്റെ അതേ മാതൃകയിലാണ് മുന്‍ വശത്ത് നിന്നുള്ള കാഴ്ച. പഴയ മരത്തടികളും പുതിയ ഓഫീസ് കെട്ടിടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിണറായിയില്‍ ഓടിട്ട വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കേരളത്തിലെ സിപിഐഎമ്മിന്റെ എല്ലാ കാലത്തെയും ശക്തി കേന്ദ്രമാണ് കണ്ണൂര്‍. അതേ പ്രൗഢിയോടെയും പ്രതാപത്തോടെയുമാണ് പുതിയ ഓഫീസ് കെട്ടിടത്തിന്റെയും നിര്‍മ്മാണം.
ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
പുതിയ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആകുന്നതുവരെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോടുള്ളത് വളരെ വൈകാരികമായ അടുപ്പമാണ്. സ്വന്തം വീടിനോടുള്ള ആത്മബന്ധത്തിനു തുല്യമാണത്. സഖാവ് അഴീക്കോടന്റെ സമുന്നതമായ രാഷ്ട്രീയ ജീവിതത്തിന്റേയും അനശ്വര രക്തസാക്ഷിത്വത്തിന്റേയും സ്മാരകമായി നിലകൊള്ളുന്ന പാര്‍ട്ടി ഓഫീസ് 1957ല്‍ സഖാവ് അഴീക്കോടന്റെ തന്നെ മുന്‍കൈയിലാണ് കണ്ണൂര്‍ പട്ടണത്തിലെ സ്വദേശി ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സഖാവിന്റെ രക്തസാക്ഷിത്വത്തിന്റെ ഒരു വര്‍ഷത്തിന് ശേഷം 1973-ല്‍ പുതിയ മന്ദിരം അദ്ദേഹത്തിന്റെ പേരില്‍ ഉദ്ഘാടനം ചെയ്തു. ഇന്നു പുതുതായി നിര്‍മ്മിച്ച അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ 500 പേര്‍ക്ക് ഇരിക്കാവുന്ന എകെജി ഹാള്‍, ചടയന്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ കമ്മിറ്റിക്കും സെക്രട്ടറിയേറ്റ് മീറ്റിംഗിനുമുള്ള ഹാള്‍, പാട്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, പ്രസ്സ് കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും നാടിന്റെ ഉന്നതിയ്ക്കുമായി ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സഖാക്കള്‍ക്ക് സാധിക്കണം. അഭിവാദ്യങ്ങള്‍.
Content Highlights- CPIM kannur district office inaugurated by chief minister pinarayi vijayan