ആനന്ദ് മഹീന്ദ്രയെ വീണ്ടും മോഹിപ്പിച്ച് കേരളം; ആദ്യം കടമക്കുടി, ഇപ്പോൾ പാലക്കാട്ടെ അഗ്രഹാരങ്ങൾ

വീണ്ടും കേരളത്തെ പരാമർശിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര രംഗത്തുവന്നിരിക്കുകയാണ്.

ആനന്ദ് മഹീന്ദ്രയെ വീണ്ടും മോഹിപ്പിച്ച് കേരളം; ആദ്യം കടമക്കുടി, ഇപ്പോൾ പാലക്കാട്ടെ അഗ്രഹാരങ്ങൾ
dot image

വ്യവസായി ആനന്ദ് മഹീന്ദ്രയെ മലയാളികൾക്ക് അത്രകണ്ട് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരാമർശിച്ചുകൊണ്ടുള്ള ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റുകൾ എല്ലാം നമ്മൾ ആഘോഷിക്കാറുള്ളതാണ്. കേരളത്തെ ഇടയ്ക്കിടെ പുകഴ്ത്തുന്നത് ആനന്ദ് മഹീന്ദ്രയുടെ ശീലവുമാണ്. അടുത്തിടെ കടമക്കുടിയെ പരാമർശിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര എക്‌സിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ജീവിതത്തിലെ തിരക്കുകൾ മാറ്റിവെച്ച് കടമക്കുടിക്ക് വരണമെന്ന ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സർക്കാർ തലത്തിൽ വരെ പോസ്റ്റ് ചർച്ചയായിരുന്നു. ഇപ്പോളിതാ വീണ്ടും കേരളത്തെ പരാമർശിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര രംഗത്തുവന്നിരിക്കുകയാണ്.

ഇപ്രാവശ്യം പാലക്കാട്ടെ അഗ്രഹാരങ്ങളുടെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ വീഡിയോയിൽ അഗ്രഹാരത്തിലെ ജനങ്ങൾ അതീവ സന്തോഷത്തോടെ ഇടപഴകുന്നതും മറ്റും കാണാം. ഇതിനൊപ്പം ആനന്ദ് മഹീന്ദ്ര എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. 'ഇത് പാലക്കാട്ടെ ഒരു ഗ്രാമമാണ്. ഇത് ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല, അങ്ങനെ ആകാൻ ശ്രമിക്കുന്ന ഒരു സ്ഥലവുമല്ല. എന്നാൽ ചില സമയത്ത്, യാത്രകൾ നമ്മുടെ ഓർമകളിൽ എപ്പോഴും നിലനിൽക്കുന്ന ഒരു അനുഭവം സമ്മാനിക്കും. ഒരു ഞായറാഴ്ച യാത്രികനെന്ന നിലയിൽ എനിക്കിപ്പോൾ ഈ ഗ്രാമത്തിലേക്ക് പോകാൻ തോന്നുകയാണ്. അതിന്റെ നിശബ്ദതയിൽ അലിഞ്ഞുചേരാൻ തോന്നുകയാണ്. ആധുനിക ജീവിതത്തിൽ നിന്നുള്ള ഒരു മികച്ച രക്ഷപ്പെടലാകും ഇത്'; ആനന്ദ് മഹീന്ദ്ര കുറിക്കുന്നു.

നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടികളുമായി എത്തുന്നത്. തമിഴ് ബ്രാഹ്മണരുടെ സ്ഥലമാണ് അഗ്രഹാരങ്ങൾ എന്നും എന്നാൽ പണ്ടുണ്ടായിരുന്ന ഭംഗി ഇപ്പോഴില്ല എന്നാണ് ചിലർ പറയുന്നത്. അതിന് കാരണമായി പറയുന്നത് യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നു എന്നതാണ്.

ഒപ്പം മറ്റ് ജില്ലകളിലെ ഗ്രാമങ്ങളുടെ ചിത്രങ്ങളും ചിലർ പങ്കുവെക്കുന്നുണ്ട്. അഗ്രഹാരങ്ങളെപ്പോലെ ഉള്ളവയും അല്ലാത്തവയുടെയും ചിത്രങ്ങളാണ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് ഗ്രാമങ്ങൾ എന്നും സമാധാനവും സന്തോഷവും ഇവിടെ എന്നും ഉണ്ട് എന്നാണ് ഇവർ പറഞ്ഞുവെക്കാൻ ശ്രമിക്കുന്നത്.

Content Highlights: anand mahindra shares palakkad agraharam video and says he want to be there

dot image
To advertise here,contact us
dot image