
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥ' എന്ന് പേര് മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). പേര് മാറ്റം ആവശ്യപ്പെട്ട് വിഎച്ച്പി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. ഡല്‍ഹിയുടെ പുരാതന ചരിത്രവും സംസ്‌കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാന്‍ ഇന്ദ്രപ്രസ്ഥ എന്ന പേരാണ് അനുയോജ്യമെന്ന് കാണിച്ചാണ് സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് വിഎച്ച്പി സംസ്ഥാന ഘടകം കത്ത് അയച്ചത്.
ഇതുകൂടാതെ, ഡല്‍ഹിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണമെന്നും ഓള്‍ഡ് ഡല്‍ഹി സ്‌റ്റേഷന്‍ ഇന്ദ്രപ്രസ്ഥ എന്നും ഷാജഹാനാബാദ് ഡവലപ്‌മെന്റ് ബോര്‍ഡിന്‍റെ പേര് ഇന്ദ്രപ്രസ്ഥ ഡവലപ്‌മെന്റ് ബോര്‍ഡ് എന്ന് മാറ്റണമെന്നും വിഎച്ച്പി ഡല്‍ഹി സെക്രട്ടറി സുരേന്ദ്ര കുമാര്‍ ഗുപ്ത ലല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.
ഡല്‍ഹി എന്ന പേര് വെറും 2000 വര്‍ഷത്തെ ചരിത്രം മാത്രമാണ് അടയാളപ്പെടുത്തുന്നത് എന്നും ഇന്ദ്രപ്രസ്ഥ എന്ന പേര് 5000 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ചരിത്രവും പാരമ്പര്യവും തെളിയിക്കുമെന്നും സുരേന്ദ്ര കുമാര്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ഹെറിറ്റേജ് വോക്കില്‍ ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങളും ക്ഷേത്രങ്ങളും വേണമെന്നും വിഎച്ച്പി ഡല്‍ഹി സെക്രട്ടറി കത്തില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം പണ്ഡിതന്‍മാരുടെയും ചരിത്രകാരന്‍മാരുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ആവശ്യപ്പെടുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Content Highlights: Vishwa Hindu Parishad wants the name Delhi to be changed to Indraprastha