
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 20നും 23 വയസിനും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രതികൾ. മധ്യപ്രദേശിലെ മന്ദ്‌സൗറിലെ മഹാരാജാ യശ്വന്ത് റാവു ഹോല്‍കര്‍ ഗവ. കോളേജില്‍ ചൊവ്വാഴ്ച്ചയോടെയായിരുന്നു സംഭവം നടന്നത്. എബിവിപി ലോക്കല്‍ സെക്രട്ടറി ഉമേഷ് ജോഷി, കോളേജ് ഭാരവാഹികളായ അജയ് ഗൗര്‍, ഹിമാന്‍ഷു ബൈരംഗി എന്നിവരാണ് പിടിയിലായത്.
കോളേജ് യൂത്ത് ഫെസ്റ്റിവെലിനിടെ വസ്ത്രം മാറുകയായിരുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് ഇവര്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയത്. നാല് പേര്‍ പ്രതികളായ സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച്ചയാണ് കോളേജ് പ്രിന്‍സിപ്പല്‍ ഇത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. വസ്ത്രം മാറുന്നതിനിടെ സംശയം തോന്നിയ പെണ്‍കുട്ടികള്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. കോളേജിലെ മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 77, 3(5) എന്നിവ പ്രകാരം കേസെടുത്തതായി ഭാന്‍പുര പൊലീസ് ഇന്‍-ചാര്‍ജ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight; 3 ABVP members arrested for secretly filming women students