
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ദളിത് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. നാലുപേരെ പൊലീസ് പിടികൂടി. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി.
മൂത്ത സഹോദരിയെ കാണാനാണ് ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടി സുഹൃത്തിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയത്. പെട്രോൾ പമ്പിന് സമീപമുള്ള ഒരു മാമ്പഴത്തോട്ടത്തിന് സമീപം ഇരുവരും വണ്ടി നിർത്തിയപ്പോൾ അഞ്ചുപേർ അവരുടെ അടുത്തേക്കെത്തി. വിദ്യാർത്ഥിയുടെ സുഹൃത്തിനെ സംഘം മർദിച്ചു. ഇയാൾ ഓടി രക്ഷപ്പെട്ടതോടെ അഞ്ച് പേർ ചേർന്ന് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കൃഷ്ണനഗർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വികാസ് കുമാർ പാണ്ഡെ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. പിന്നീട് പെൺകുട്ടി ഫോണിലൂടെ തന്റെ സഹോദരീഭർത്താവിനോട് കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. അന്നു രാത്രി തന്നെ, ബന്താരയിലെ ഹരോണി റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രതികളിൽ ചിലർ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പരിശോധനയ്ക്കിടെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസിനുനേരെ പ്രതികൾ വെടിയുതിർത്തു. പ്രത്യാക്രമണത്തിൽ പ്രതികളിൽ ഒരാളായ ലളിത് കശ്യപിന്റെ കാലിൽ വെടിയേറ്റതാായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നിപുൺ അഗർവാൾ പറഞ്ഞു.
ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളിൽ നിന്ന് അനധികൃതമായി ഉപയോഗിച്ച 315 ബോർ പിസ്റ്റളും പൊലീസ് കണ്ടെടുത്തു. മോട്ടോർ സൈക്കിളിലുണ്ടായിരുന്ന രണ്ടാമത്തെ ആൾ രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. വിദ്യാർത്ഥിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ബന്താര സ്റ്റേഷൻ ഹൗസ് ഓഫീസർ റാണ രാജേഷ് കുമാർ പറഞ്ഞു.
Content Highlights: Five men gang assaults Dalit girl in up