
പാട്‌ന: ബിഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികളിൽ സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ. സീറ്റ് വിഭജനത്തിൽ അസ്വാരസ്യങ്ങളും പടലപിണക്കണങ്ങളും തുടരുന്ന എൻഡിഎയിലെ സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. ബിജെപി 102 സീറ്റിലും ജെഡിയു 103 സീറ്റിലും മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
സീറ്റ് ചര്‍ച്ചകൾക്കിടെ എന്‍ഡിഎയില്‍ കലാപം ഉയര്‍ത്തിയ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എച്ച്എഎം) നേതാവും കേന്ദ്രമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയെ അനുനയിപ്പിക്കാനുള്ള നീക്കവും നേതൃത്വം നടത്തും. പ്രതീക്ഷിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍ 20 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മാഞ്ചിയുടെ ഭീഷണി. ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടിക്ക് ഏഴ് മുതല്‍ എട്ട് സീറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പതിനഞ്ച് സീറ്റെങ്കിലും വേണമെന്നാണ് ജിതന്‍ റാം മാഞ്ചിയുടെ നിലപാട്. സീറ്റ് ലഭിക്കാത്ത പക്ഷം വലിയ തീരുമാനങ്ങളിലേക്ക് കടക്കുമെന്നും മാഞ്ചി പറഞ്ഞിരുന്നു.
സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ച ഘട്ടങ്ങളില്‍ തന്നെ കടുംപിടുത്തത്തിലാണ് ജിതന്‍ റാം മാഞ്ചി. പാര്‍ട്ടിക്ക് കരുത്ത് തെളിയിക്കാന്‍ കഴിയുമെന്നാണ് മാഞ്ചിയുടെ വിലയിരുത്തല്‍. നേരത്തേ പതിനഞ്ച് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്നായിരുന്നു മാഞ്ചിയുടെ നിലപാട്. എന്നാൽ സീറ്റ് വിഭജന ചർച്ചകൾ മുറുകിയതോടെ മാഞ്ചി നിലപാട് കടുപ്പിക്കുകയായിരുന്നു. പ്രതീക്ഷിക്കുന്ന സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയെ മാഞ്ചി നിലപാട് അറിയിച്ചതായാണ് സൂചന.
സീറ്റ് ചര്‍ച്ചയില്‍ ലോക ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാനും അതൃപ്തനാണ്. 25 സീറ്റുകള്‍ വേണമെന്നാണ് ചിരാഗ് പസ്വാന്റെ നിലപാട്. നേരത്തേ 20 മുതല്‍ 22 സീറ്റുകളില്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു പസ്വാന്റെ നിലപാട്. എന്നാല്‍ സീറ്റ് ചര്‍ച്ചകള്‍ കടുത്തതോടെ പസ്വാന്‍ നിലപാട് മാറ്റുകയായിരുന്നു. പസ്വാന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ 40 സീറ്റുകള്‍ വരെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സീറ്റ് വിഭജനത്തില്‍ മഹാസഖ്യം ധാരണയിലെത്തിയതായാണ് വിവരം. ആര്‍ജെഡി 135 സീറ്റിലും കോണ്‍ഗ്രസ് 55 സീറ്റിലും മത്സരിച്ചേക്കും. 2020ല്‍ ആര്‍ജെഡി 144 സീറ്റിലും കോണ്‍ഗ്രസ് 70 സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ രണ്ട് പാര്‍ട്ടികള്‍ക്കും സീറ്റുകളുടെ എണ്ണം കുറയും. കഴിഞ്ഞ തവണ 19 സീറ്റില്‍ മത്സരിച്ച സിപിഐഎംഎല്ലിന് 20 സീറ്റ് നല്‍കാനാണ് ധാരണ. 12 സീറ്റുകളില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. സീറ്റ് വിഭജനം ചർച്ചയാകും.
Content Highlights: Bihar elections NDA seats details may reveal today