
മുംബൈ: ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡ് സീരിസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഭീഷണി സന്ദേശമെത്തിയെന്നാണ് സമീര്‍ വാങ്കഡെയുടെ ആരോപണം. യുഎഇയില്‍ നിന്നും ഭീഷണി സന്ദേശം വന്നതായും സമീര്‍ വാങ്കഡെ ആരോപിച്ചു.
ജോലിയുമായി ബന്ധപ്പെട്ടല്ല ഭീഷണി സന്ദേശമെന്നാണ് മനസിലാക്കുന്നതെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. ആര്യന്‍ ഖാന്റെ സീരിസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. വ്യക്തിവിരോധമല്ല തന്റെ ജോലി താന്‍ ചെയ്തത്. ആര്യന്‍ ഖാന്റെ സീരിസ് തന്നെ മാത്രമല്ല ലക്ഷ്യംവെച്ചതെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. മയക്കുമരുന്നിന് എതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാകെ അപമാനിക്കുന്ന രീതിയിലാണ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. സീരിസ് പുറത്തിറങ്ങിയതിന് ശേഷം തങ്ങള്‍ക്ക് തുടരെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുകയാണ്. തന്റെ സഹോദരിക്കും ഭാര്യയ്ക്കും അടക്കം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ഇതേപ്പറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. താന്‍ കാരണം ഭാര്യയോ സഹോദരിയോ ബുദ്ധിമുട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.
മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. കഴിഞ്ഞ മാസമായിരുന്നു ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്ത ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരിനെതിരെ സമീര്‍ വാങ്കഡെ ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. വെബ് സീരിസിലൂടെ വ്യക്തിഹത്യ നടത്തിയെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു സമീര്‍ വാങ്കഡെയുടെ ആവശ്യം. സീരിസിന്റെ സംപ്രേഷണം നിര്‍ത്തണമെന്നും സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടിരുന്നു. ആര്യന്‍ ഖാന് പുറമേ നെറ്റ്ഫ്ളിക്സ്, എക്സ് കോര്‍പ്പ്, ഗൂഗിള്‍ എല്‍എല്‍സി, മെറ്റ, ആര്‍പിജി ലൈഫ് സ്‌റ്റൈല്‍ മീഡിയ, ജോണ്‍ ഡൂസ് എന്നിവര്‍ക്കെതിരെയാണ് സമീര്‍ വാങ്കഡെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സീരിസ് മയക്കുമരുന്ന് വിരുദ്ധ, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ മോശമായ രീതിയില്‍ ചിത്രീകരിച്ചു. ഇതിലൂടെ നിയമ വിര്‍വഹണ സ്ഥാപനങ്ങളിന്മേലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനാണ് ശ്രമം. സീരിസില്‍ ഒരു കഥാപാത്രം സത്യമേവ ജയതേ എന്ന് പറഞ്ഞതിന് ശേഷം നടുവിരല്‍ ഉയര്‍ത്തി അശ്ലീല ആംഗ്യം കാണിക്കുന്നുണ്ട്. സത്യമേവ ജയതേ ദേശീയ ചിഹ്നമാണ്. 1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയുന്ന നിയമത്തിലെ വ്യവസ്ഥകളുടെ ഗുരുതര ലംഘനമാണ് നടന്നതെന്നും സമീര്‍ വാങ്കഡെ ചൂണ്ടിക്കാട്ടിയിരുന്നു. 2021-ല്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) മുംബൈ സോണല്‍ ഡയറക്ടറായിരിക്കെയാണ് സമീര്‍ വാങ്കഡെ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
Content Highlights- Getting hate messages from pakistan after release of bads of bollywood says sameer wankhede