റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, ബഹാവൽപൂർ നാൻ, ബലാക്കോട്ട് ടിറാമിസു... മെനുവിൽ പാകിസ്താനെ 'പൊരിച്ച്' വ്യോമസേന

ഓപ്പറേഷൻ സിന്ദൂർ നീക്കത്തിന്റെ ഭാഗമായി ആക്രമിച്ച് തകർത്ത പാകിസ്താൻ നഗരങ്ങളുടെ പേരുൾപ്പെടുത്തിയാണ് മെനു

റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, ബഹാവൽപൂർ നാൻ, ബലാക്കോട്ട് ടിറാമിസു... മെനുവിൽ പാകിസ്താനെ 'പൊരിച്ച്' വ്യോമസേന
dot image

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 93ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക വിരുന്നിന്റെ മെനുവിൽ ഓപ്പറേഷൻ സിന്ദൂർ നീക്കത്തിന്റെ ഭാഗമായി ആക്രമിച്ച് തകർത്ത പാകിസ്താൻ നഗരങ്ങളുടെ പേരുൾപ്പെടുത്തി പരിഹാസം. പാക്ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നീക്കങ്ങളില്‍ തകർത്ത പാക് വ്യോമതാവളങ്ങളുടെയും നഗരങ്ങളുടെയും പേരാണ് മെനുവിനൊപ്പം ചേർത്തിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ എട്ടിന് നടന്ന പരിപാടിയിലെ മെനുവിന്റെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു.

റാവൽപിണ്ടി ചിക്കൻ ടിക്ക മസാല എന്നാതാണ് ഒരു വിഭവത്തിന്റെ പേര്. റാവൽപിണ്ടി വ്യോമതാവളത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഈ പേര്. റഫീഖി റാരാ മട്ടൺ എന്നതാണ് മറ്റൊരു ഐറ്റം. ഇത് റഫീഖി വ്യോമതാവളത്തെ കുറിച്ചുള്ളതാണ്. ഭോലേരി വ്യോമതാവളത്തെ കുറിച്ചുള്ള ഭോലേരി പനീർ മേത്തി മസാല, സക്കൂർ വ്യോമതാവളത്തെകുറിച്ചുള്ള സക്കൂർ ഷാം സവേര കോഫ്ത, സർഗോദ വ്യോമതാവളവുമായി ബന്ധപ്പെട്ട സർഗോദ ദാൽ മഖ്‌നി, ഷഹബാസ് ജേക്കബാബാദ് എയർഫീൽഡിനെ കുറിച്ചുള്ള ജേക്കബാബാദ് മേവ പുലാവ് എന്നിവയാണ് മെനുവിലുള്ളത്. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായ ബഹാവൽപൂരിനെ ആക്രമിച്ചതിനെ അനുസ്മരിച്ച് ബഹാവൽപൂർ നാൻ ആണ് മെനുവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

മധുരവിഭവങ്ങളായ ഡെസേർട്ടുകളുടെ കൂട്ടത്തിലും ഇതേ രീതിയിലാണ് മെനു നൽകിയിട്ടുള്ളത്. ബലാക്കോട്ട് ടിറാമിസു, മുസാഫറാബാദ് കുൽഫി ഫലൂദ, മുരിദ്‌കെ മീഠാ പാൻ എന്നിവയാണ് ഈ ഐറ്റത്തിലുള്ളത്. 2019 ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് ആക്രമണത്തെ സൂചിപ്പിക്കുന്നതാണ് ബലാക്കോട്ട് ടിറാമിസു. അതേസമയം വ്യോമസേനയുടെ 'മെനു' ട്രോളിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്.

Content Highlights: pakistan cities at IAF Ceremony Menu Goes viral

dot image
To advertise here,contact us
dot image