'ഈ 3 ടീമുകൾ മാത്രമാണുള്ളത്'; ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തി കെയ്ൻ വില്യംസൺ

എല്ലാ രാജ്യങ്ങളും ഒരുമിച്ച് ഒരു പരിഹാരം കണ്ടെത്തേണ്ടത് ഈ കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണെന്നും വില്യംസൺ അഭിപ്രായപ്പെട്ടു

'ഈ 3 ടീമുകൾ മാത്രമാണുള്ളത്'; ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തി കെയ്ൻ വില്യംസൺ
dot image

ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍. ടെസ്റ്റ് ക്രിക്കറ്റ് നിലനിൽക്കണമെങ്കിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ബിഗ് ത്രീ ടീമുകൾ പരസ്പരം കളിക്കുന്നതിന് അപ്പുറത്തേക്ക് പോകണമെന്നാണ് കെയ്ൻ വില്യംസൺ പറയുന്നത്. ഈ മൂന്ന് ടീമുകള്‍ തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങള്‍ ആവേശകരമായ ഒരു കാഴ്ച സമ്മാനിക്കുന്നുണ്ടെങ്കിലും അത് ഫോര്‍മാറ്റിന്റെ വളര്‍ച്ചയെ സഹായിക്കുന്നില്ലെന്നും വില്യംസൺ മുന്നറിയിപ്പ് നല്‍കി.

"മൂന്ന് ടീമുകൾ മാത്രമേ ഫോർമാറ്റിൽ കളിക്കുന്നുള്ളൂവെങ്കിൽ ഫോർമാറ്റിന്റെ നിലനിൽപ്പുതന്നെ ബുദ്ധിമുട്ടിലാവും. ഈ ടീമുകൾ‌ പരസ്പരം ഏറ്റുമുട്ടുന്ന പരമ്പരകൾ കാണുന്നത് ഞങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിലും അവയൊന്നും ടെസ്റ്റ് ക്രിക്കറ്റിന്റെ വളർച്ചയെ പൂർണ്ണമായി പിന്തുണയ്ക്കുന്നതല്ല. ഇത് വലിയ വെല്ലുവിളിയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പാണ് ലക്ഷ്യമെങ്കില്‍ ഫോർമാറ്റിൽ വെല്ലുവിളി നേരിടുന്ന പല രാജ്യങ്ങളിലും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്", ചൊവ്വാഴ്ച നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് ദാന ചടങ്ങിൽ വില്യംസൺ പറഞ്ഞു.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളുമായി സഹകരിച്ച്, ഈ മൂന്ന് രാജ്യങ്ങൾക്കിടയിൽ കൂടുതൽ പരമ്പരകൾ നടത്തുന്നതിന് വേണ്ടി ടു ടയര്‍ ടെസ്റ്റ് സംവിധാനത്തിന്റെ സാധ്യതകൾ ഐസിസി പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ടു ടയര്‍ ടെസ്റ്റ് ക്രിക്കറ്റ് സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പകരം ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും ഒരുമിച്ച് ഒരു പരിഹാരം കണ്ടെത്തേണ്ടത് ഈ കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണെന്നും വില്യംസൺ അഭിപ്രായപ്പെട്ടു.

Content Highlights: Kane Williamson on future of Test Cricket Format

dot image
To advertise here,contact us
dot image