
ഹൈദരാബാദ്: ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല (ഇഫ്‌ളു)യില്‍ പലസ്തീന്‍ അനുകൂല റാലിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം. യൂണിയന്‍ ഭാരവാഹികള്‍ നടത്തിയ റാലിക്ക് ശേഷം സയണിസ്റ്റ് അനുകൂല മുദ്രാവാക്യവുമായി എബിവിപി റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയില്‍ പലസ്തീന്‍ അനുകൂല റാലി നടത്തിയ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചാണ് എബിവിപി അഭിസംബോധന ചെയ്തത്. പിന്നാലെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
സംഭവത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളായ വികാസ്, ദീന, ആര്‍ദ്ര, യൂണിയന്‍ ജോയിന്റ് സെക്രട്ടറിയും ഫ്രറ്റേണിറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നൂറ മൈസൂന്‍, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷാഹീന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. എബിവിപി പ്രവർത്തകർക്ക് നേരെയും കേസെടുത്തിട്ടുണ്ട്. ഒരു പൂര്‍വവിദ്യാര്‍ത്ഥിയെ ഒസ്മാനിയ സര്‍വകലാശാല പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ ശേഷം വിട്ടയച്ചു.
ഇന്നലെയായിരുന്നു എസ്എഫ്‌ഐ, എന്‍എസ്‌യുഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആന്റ് തെലുങ്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്ന യൂണിയന്‍ 'ഫ്രീ പലസ്തീന്‍' മുദ്രാവാക്യം വിളിച്ച് ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത്. പരിപാടിക്ക് ഒടുവില്‍ പലസ്തീന്‍ അനുകൂലികളെ വെടിവെക്കണമെന്ന് ആഹ്വാനം ചെയ്ത് സയണിസ്റ്റ് അനുകൂല മുദ്രാവാക്യവുമായി എബിവിപി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. പലസ്തീന്‍ പിന്തുണയുള്ള പോസ്റ്ററുകള്‍ എബിവിപി കീറിക്കളയുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാംപസിലേക്ക് കയറിയെന്നും എബിവിപി ഗുണ്ടകളെ പ്രതിരോധിച്ച വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്‌തെന്നും യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ അംഗങ്ങളും എത്തിയില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. 15 മുതല്‍ 20 പൊലീസുകാര്‍ ക്യാമ്പസിലേക്ക് പ്രവേശിച്ചെന്നാണ് യൂണിയന്‍ വ്യക്തമാക്കുന്നത്.
വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടികളെ കൈയ്യേറ്റം ചെയ്യുകയും വിദ്യാര്‍ഥികള്‍ക്ക് നേരെ തോക്കു ചൂണ്ടുകയും ചെയ്ത പൊലീസ് നടപടി മറച്ചുവെക്കാനും വിഷയത്തില്‍ എബിവിപിയുടെ ആക്രമണത്തില്‍ നിന്നും ഇഫ്‌ളു അധികാരികളുടെ സംഘപരിവാര്‍ പ്രീണനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുമാണ് ഇപ്പോഴത്തെ പൊലീസ് കേസെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആരോപിച്ചു. തെലങ്കാന പൊലീസ് കേസ് പിന്‍വലിക്കണമെന്നും വിഷയത്തെ രാജ്യവിരുദ്ധമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: Union-ABVP clash during pro Palestine rally in EFLU