
ഏഷ്യ കപ്പ് ഫൈനലിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് പാകിസ്താനെ തകർത്ത് ഇന്ത്യ കിരീടം നേടിയത്. എന്നാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇന്ത്യൻ താരങ്ങൾ ട്രോഫിയോ മെഡലുകളോ ഇല്ലാതെയാണ് വിജയം ആഘോഷിച്ചത്.
മറ്റൊരു ഉദ്യോഗസ്ഥൻ ടീമിന് ട്രോഫി കൈമാറണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. ഉദ്യോഗസ്ഥർ മൈതാനം വിട്ടപ്പോഴും ഇന്ത്യൻ കളിക്കാർ മൈതാനത്ത് തന്നെ തുടർന്നു. പിന്നീട് താരങ്ങൾ പോഡിയത്തിലേക്ക് പോയി, അവിടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ട്രോഫി ഉയർത്തുന്നത് അനുകരിച്ചു. 2024 ലെ ടി 20 ലോകകപ്പ് വിജയത്തിനുശേഷം രോഹിത് ശർമ്മയുടെ പ്രശസ്തമായ ആഘോഷം അദ്ദേഹം പുനഃസൃഷ്ടിച്ചു.
ഒക്ടോബർ 7 ചൊവ്വാഴ്ച നടന്ന സിയറ്റ് അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ, അപ്രതീക്ഷിത ആഘോഷം അർഷ്ദീപ് സിംഗിന്റെ ആശയമാണെന്ന് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി വെളിപ്പെടുത്തി.'യഥാർത്ഥത്തിൽ അത് അർഷ്ദീപിന്റെ ആശയമായിരുന്നു. ഞങ്ങൾ ട്രോഫിക്കായി കാത്തിരിക്കുകയായിരുന്നു, പക്ഷേ അത് എങ്ങനെ സംഭവിച്ചുവെന്ന് നമുക്കെല്ലാവർക്കും അറിയാം', വരുൺ പറഞ്ഞു.
അതേ സമയം ഏഷ്യ കപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഇന്ത്യൻ ടീമിന് കിരീടം ലഭിച്ചിട്ടില്ല. നിലവിൽ ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ഓഫീസിലാണ് ട്രോഫി. . ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെത്തി തന്നിൽ നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്നാണ് നഖ്‌വിയുടെ ആവശ്യം.
Content Highlights: varun chakravarthy reveals man behind trophyless celebration