
ശരീരത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം കാല്‍സ്യം ഒരു അത്യാവശ്യഘടകം തന്നെയാണ്. പേശികളുടെ ചലനം, ഞരമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവയെ എല്ലാം കാല്‍സ്യം സഹായിക്കുന്നു. കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് എല്ലുകളുടെ ആരോഗ്യത്തെ മുതല്‍ മാനസിക ആരോഗ്യത്തെവരെ ബാധിക്കും. ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം? .
കാലിനും കൈയ്ക്കും കഴുത്തിനും ഒക്കെ ഇടയ്ക്കിടയ്ക്ക് വദന തോന്നുന്ന പതിവോ, പേശികളില്‍ പിരിമുറുക്കമോ അനുഭവപ്പെടാറുണ്ടോ? അതുപോലെ നടക്കുമ്പോഴും മറ്റും തുടകളിലും കാലിന്റെ മസിലിലും വേദനയുണ്ടാവാറുണ്ടോ? എന്നാല്‍ അത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവുണ്ടെന്ന് കാണിക്കുന്ന ലക്ഷണങ്ങളാണ്.
നഖങ്ങളും മുടിയും പൊട്ടിപോവുക
നിങ്ങളുടെ നഖങ്ങള്‍ ആരോഗ്യമില്ലാതെ ഒടിഞ്ഞുപോവുക,മുടി പൊട്ടി പോവുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യുക എന്നിവയും കാല്‍സ്യം കുറഞ്ഞുപോകുന്നതിന്റെ സൂചനയാണ്. ഇതുകൂടാതെ വരണ്ട ചര്‍മ്മം, പരുക്കന്‍ മുടി, ശരീരത്തില്‍ ചൊറിച്ചിലോ വരണ്ട പാടുകളോ ഉണ്ടാകുന്ന തരത്തിലുള്ള ചര്‍മ്മ വീക്കം ഇവയും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
വിഷാദം
മാനസികാവസ്ഥയില്‍ ഉണ്ടാക്കുന്ന വ്യത്യാസങ്ങളാണ് അടുത്തത്. മാനസിക പിരിമുറുക്കവും മാറിവരുന്ന മൂഡ് മാറ്റങ്ങളും പ്രധാന ലക്ഷണമാണ്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് കാല്‍സ്യത്തിൻ്റെ കുറവ് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എത്രയുംവേഗം ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
കൈകാല്‍വിരലുകളില്‍ സൂചികുത്തുന്നതുപോലുളള വേദന
കൈവിരലുകളിലോ കാല്‍വിരലുകളിലോ സൂചി കുത്തുന്നതുപോലെയുള്ള വേദന അനുഭവപ്പെടുക. ഞരമ്പുകളില്‍ വലിച്ചിലുണ്ടാകുമ്പോള്‍ കാല്‍പാദങ്ങളിലും മറ്റും ഇക്കിളി പോലെ തോന്നുക. ഇതൊക്കെ കാല്‍സ്യക്കുറവ് ഞരമ്പുകളെ ബാധിച്ചതിന്റെ സൂചനയാണ്.
പല്ലുകള്‍ ദുര്‍ബലമാവുകയോ ദ്വാരങ്ങള്‍ ഉണ്ടാവുകയോ ചെയ്യുക
കാല്‍സ്യത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് പല്ലുകള്‍ ദുര്‍ബലമാകുന്നത്. കാല്‍സ്യം പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ കാല്‍സ്യക്കുറവുണ്ടെങ്കില്‍ പല്ലുകള്‍ ഒടിഞ്ഞുപോകാനോ ഇനാമലിന് കേട് സംഭവിച്ച് പുളിപ്പുണ്ടാകാനോ ഒക്കെ സാധ്യതയുണ്ട്.
അസ്ഥികളിലെ വേദന
അസ്ഥികളിലോ സന്ധികളിലോ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ വേദന ഉണ്ടാവുന്നത് ശ്രദ്ധിക്കേണ്ടതാണ്. അസ്ഥികളിലെ കാല്‍സ്യത്തിന്റെ അളവ് കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ ഏറ്റവും സാധാരണമായ മാര്‍ഗ്ഗമാണ് ഭക്ഷണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍.
Content Highlights :Are you calcium deficient? Know through these symptoms