Gen Zയ്ക്ക് ജീവിതമാണ് 'കിക്ക്'; മദ്യത്തോട് നോ പറയുന്നതിൽ മുൻ തലമുറകളേക്കാൾ 20 മടങ്ങ് മുന്നിൽ

ഏത് തലമുറയാണ് ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നത് എന്നും ഈ പഠനം കണ്ടെത്തിയിട്ടുണ്ട്

Gen Zയ്ക്ക് ജീവിതമാണ് 'കിക്ക്'; മദ്യത്തോട് നോ പറയുന്നതിൽ മുൻ തലമുറകളേക്കാൾ 20 മടങ്ങ് മുന്നിൽ
dot image

മദ്യക്കുപ്പികളില്ലാതെ എന്ത് ആഘോഷം എന്ന് ചിന്തിക്കുന്ന ആളുകളുടെ കാലമൊക്കെ കഴിയാൻ പോവുകയാണ്. കാരണം പുതിയ തലമുറയ്ക്ക് മദ്യത്തോട് അത്ര താൽപര്യമില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഓസ്‌ട്രേലിയയിലെ ഫ്‌ളിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് മദ്യത്തോടുള്ള ആസക്തി തലമുറകൾ കഴിയും തോറും കുറഞ്ഞു വരുന്നതായി കണ്ടെത്തിയിരിക്കുന്നത്.

അഡിക്ഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിൽ 23000 ഓസ്‌ട്രേലിയക്കാരുടെ 20 വർഷത്തോളം നീണ്ട ഡാറ്റയാണ് പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്. ഡോ.ജിയാൻലൂക്ക ഡി സെൻസോയാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. സൈലന്റ് ജനറേഷൻ (1928-1946 വരെ ജനിച്ചവർ), ബേബി ബൂമേഴ്‌സ് (1946-1964), ജെൻ എക്‌സ് (1965-1980), മിലേനിയൽസ്(1981-2000), ജെൻ ഇസഡ് (2001-2020) എന്നിവർക്കിടയിലാണ് പഠനം നടന്നത്.

Also Read:

Alcohol pic

ഓരോ പ്രായക്കാർക്കിടയിലും മദ്യം കുടിക്കുന്നതിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്. മുൻ തലമുറകളാണ് മദ്യാസക്തിയുടെ കാര്യത്തിൽ ഏറെ മുന്നിൽ. ദിവസേനയോ വാരാന്ത്യത്തിലോ മദ്യപിക്കുന്നത് ശീലമായവരാണ് ഇവർ. സൈലന്റ് ജനറേഷനിലുള്ളവരാണ് മദ്യാസക്തിയിൽ ഏറ്റവും മുൻപന്തിയിലുള്ളത്. ബേബി ബൂമേഴ്‌സും ഏകദേശം ഇവർക്കൊപ്പം എത്തും.

ആരോഗ്യസംരക്ഷണത്തിൽ താൽപര്യം കാണിക്കുന്ന മിലേനിയൽസിന് മദ്യത്തോട് അത്ര വലിയ ആകർഷണമില്ല. എന്നാൽ മദ്യത്തോടുള്ള ആസക്തി ഏറ്റവും കുറവ് ജെൻ ഇസഡ് (Gen Z)യ്ക്ക് ഇടയിൽ തന്നെയാണ്. മദ്യത്തോട് നോ പറയുന്ന കാര്യത്തിൽ മുൻ തലമുറകളേക്കാൾ 20 മടങ്ങ് മുന്നിലാണ് ജെൻ ഇസഡ് എന്നും പഠനം പറയുന്നു.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഓരോ നിമിഷവും അതിന്റെ പൂർണതയിൽ ആസ്വദിക്കാനുമാണ് ഈ തലമുറയ്ക്ക് താൽപര്യമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട് നടക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ലെന്ന് സാരം.

alcohol

'സാമ്പത്തികാവസ്ഥ, സാമൂഹ്യരീതികൾ, മാറുന്ന മൂല്യബോധം, സർക്കാരിന്റെ നയപരമായ ഇടപെടലുകൾ തുടങ്ങി നിരവധി കാര്യങ്ങൾ ജനങ്ങളുടെ മദ്യപാനശീലത്തെ സ്വാധീനിക്കും,' എന്നാണ് ഡോ. ജിയാൻലൂക്കയുടെ വാക്കുകൾ. പുതിയ തലമുറയ്ക്ക് മദ്യത്തോടുള്ള താൽപര്യം കുറയുന്നത് സമൂഹത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.

Content Highlights: A study in Australia finds Gen Z is not interested in alcohol

dot image
To advertise here,contact us
dot image