
ആസിഫ് അലി, തുളസി ഹരിദാസ്, ശ്രേയ രുക്മിണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തി സേതുനാഥ് പത്മകുമാർ ആദ്യമായി സംവിധാനം ചെയ്ത ആഭ്യന്തര കുറ്റവാളി ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 17-ന് ZEE5 ലൂടെ പ്രീമിയർ ചെയ്യും.
ആസിഫ് അലിയെ കൂടാതെ ജഗദീഷ്, വിജയകുമാർ, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ, സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. നൈസാം സലാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് ചിത്രം പങ്കുവെക്കുന്നത്. ആസിഫ് അലിയുടെ ശക്തമായ പ്രകടനവും റിയലിസ്റ്റിക് സമീപനവും കൊണ്ട് ശ്രദ്ധേയമാണ് ആഭ്യന്തര കുറ്റവാളി. ഗാർഹിക പീഡന നിയമത്തിന്റെ മറുവശം അതിന്റെ ദുരുപയോഗം എന്ന വിഷയം ഇന്ന് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെയ്ക്കുന്ന ഒന്നാണ്. ഈ വിഷയത്തെ റിയലിസ്റ്റിക് ആയി കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് സേതുനാഥ് പത്മകുമാർ. തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ചില മനുഷ്യരുടെ കഥയാണ് ആഭ്യന്തര കുറ്റവാളി പറയുന്നത്.
ചിത്രത്തിലെ പശ്ചാത്തല സംഗീതം രാഹുൽ രാജിന്റേതാണ്. ഗാനങ്ങൾക്ക് ഈണം പകർന്നത് ബിജിബാലും ക്രിസ്റ്റി ജോബിയുമാണ്. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും സോബിൻ കെ സോമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ OTT പ്ലാറ്റ്ഫോമായ ZEE5, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി.
സ്ത്രീകളെ സംരക്ഷിക്കുന്നതിൽ 498A വകുപ്പ് നിർണായകമാണെങ്കിലും, ഒരാളെ തെറ്റായി കുറ്റപ്പെടുത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യവും ചിത്രം മുന്നോട്ടു വെക്കുന്നു. ആഭ്യന്തര കുറ്റവാളി ഇന്നത്തെ സമൂഹം ചർച്ച ചെയ്യപ്പെടേണ്ട ഒരു പ്രമേയം ആണെന്ന് ചിത്രം ZEE5 ഇൽ പ്രീമിയർ ചെയ്യുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ സേതുനാഥ് പത്മകുമാർ പറഞ്ഞു. ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിക്കാൻ ZEE5 മുന്നോട്ടു വന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് ആസിഫ് അലി കൂട്ടിച്ചേർത്തു.
Content Highlights: Asif Ali film Abhyanthara Kuttavali OTT release date announced