
ചെന്നൈ: ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സിപിഐഎം പരിപാടിയില്‍ കഫിയ ധരിച്ചെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് സ്റ്റാലിനെത്തിയത്. ഗാസയില്‍ നടക്കുന്നത് മാനുഷിക പ്രശ്‌നമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഗാസയിലെ അക്രമങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഗാസയിലെ ഇസ്രയേല്‍ ആക്രമണം മറ്റേതെങ്കിലും രാജ്യത്ത് നടക്കുന്നതാണെന്ന രീതിയില്‍ അല്ല ഞങ്ങള്‍ കാണുന്നത്. ഇത് മാനുഷിക പ്രശ്‌നമാണ്. അറസ്റ്റ് ചെയ്ത എല്ലാവരെയും വിട്ടയക്കണം. ഗാസയിലെ മനുഷ്യര്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ അപലപിക്കുന്നു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണം', സ്റ്റാലിന്‍ പറഞ്ഞു.
ഗാസയിലെ പ്രശ്‌നം ലോകമെമ്പാടും ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്ര സഭ ഉടമ്പടിയുടെ ലംഘനവും ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം എടുത്തുപറഞ്ഞ സ്റ്റാലിന്‍ ഗാസയിലെ സ്ഥിതി ഹൃദയഭേദകമാണെന്നും കൂട്ടിച്ചേര്‍ത്തു. ആക്രമണം അവസാനിപ്പിക്കാനും സമാധാനത്തിനും വേണ്ടി ഇന്ത്യന്‍ സര്‍ക്കാരും നടപടികള്‍ സ്വീകരിക്കണമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
'കഴിഞ്ഞ വര്‍ഷം 11000 സ്ത്രീകളും 17000 കുട്ടികളും 125 മാധ്യമപ്രവര്‍ത്തകരും 120 ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥരും മരിച്ചു. 27000 കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഗാസയുടെ ഭൂമിയുടെ പകുതിയും നശിച്ചു. അവിടെ മനുഷ്യര്‍ ഇപ്പോഴും പോരാട്ടത്തിലാണ്. ഭക്ഷണം തേടിയെത്തുന്ന പലസ്തീനികളെയും ഇസ്രയേല്‍ കൊലപ്പെടുത്തി. ഇതെല്ലാം കണ്ട് നെഞ്ച് പിടയുകയാണ്', സ്റ്റാലിന്‍ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിന്റെ മുകളില്‍ സമ്മര്‍ദം ചെലുത്തണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
Content Highlights: M K Stalin come CPIM programme with Kafia for support gaza