
പഞ്ചാബി ഗായകൻ രാജ്‌വീർ ജവാന്ദ അന്തരിച്ചു. 35 വയസായിരുന്നു. ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ 11 ദിവസമായി രാജ്‌വീർ വെന്റിലേറ്ററിൽ ആയിരുന്നു.
ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട രാജ്‌വീറിന് അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിൻ്റെ ബൈക്ക് റോഡിൽ അലഞ്ഞുതിരിഞ്ഞിരുന്ന കന്നുകാലിയെ ഇടിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദമുള്ള രാജ്‌വീര്‍ ജവാന്ദയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 2.4 ദശലക്ഷം ഫോളോവേഴ്സും യൂട്യൂബ് ചാനലില്‍ 931K സബ്സ്‌ക്രൈബര്‍മാരുമുണ്ട്. 2014-ൽ 'മുണ്ട ലൈക്ക് മി' എന്ന സിംഗിളിലൂടെ സംഗീത യാത്ര ആരംഭിച്ച ജവാന്ദ വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി.
അദ്ദേഹത്തിന്റെ അകാല വിയോഗം ആരാധകരെയും എന്റർടൈൻമെന്റ് ഇൻഡിസ്ട്രിയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ജവാന്ദയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഞായറാഴ്ച ആശുപത്രി സന്ദർശിച്ചിരുന്നു.
ലുധിയാനയിലെ ജാഗ്രോണിലെ പോണ ഗ്രാമത്തിൽ ജനിച്ച രാജ്‌വീർ 'തു ഡിസ് പെൻഡ', 'ഖുഷ് രേഹാ കർ', 'സർദാരി', 'സർനേം', 'അഫ്രീൻ', 'ലാൻഡ് ലോർഡ്', 'ഡൗൺ ടു എർത്ത്', 'കങ്കാണി' എന്നീ ഗാനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. 2018-ൽ ജിപ്പി ഗ്രെവാൾ അഭിനയിച്ച പഞ്ചാബി ചിത്രം 'സുബേദാർ ജോഗീന്ദർ സിംഗ്', 2019 ൽ 'ജിന്ദ് ജാൻ', 2019 ൽ 'മിൻഡോ തസീൽദാർനി' എന്നീ സിനിമകളിലും രാജ്‌വീർ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Punjabi actor Rajvir Jawanda dies after horrific road accident