
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിനെ ആള്‍കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെ യുവാവ് രാഹുല്‍ ഗാന്ധിയുടെ പേര് വിളിച്ച് നിലവിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് മറുപടിയായി 'ഇവിടെയുളളവരെല്ലാം ബാബയുടെ ആളുകളാണ്' എന്നാണ് യുവാവിനെ മര്‍ദ്ദിച്ച സംഘം പറഞ്ഞത്. ഡ്രോണുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് ഹരിഓം എന്ന ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലായിരുന്നു സംഭവം.
ഒക്ടോബര്‍ രണ്ടിന് ഉഞ്ചഹാറിലെ റെയില്‍വേ ട്രാക്കിന് സമീപമാണ് ഹരിഓമിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരുന്നു. ഇതിനിടെയാണ് ഹരിഓമിനെ കളളനാണെന്ന് ആരോപിച്ച് ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതോടെയാണ് നടന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. സംഭവത്തില്‍ വൈഭവ് സിംഗ്, വിപിന്‍ മൗര്യ, വിജയ് കുമാര്‍, സഹദേവ്, സുരേഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിലായി.
ഒക്ടോബര്‍ ഒന്നിന് രാത്രി ഹരിഓം ഈശ്വര്‍ദാസ്പൂരിലേക്ക് നടന്നുപോകുമ്പോഴായിരുന്നു മോഷണക്കുറ്റം ആരോപിച്ച് പ്രദേശവാസികള്‍ അദ്ദേഹത്തെ പിടികൂടിയത്. ഹരിഓമിനെ അര്‍ധനഗ്നനാക്കി, അദ്ദേഹത്തിന്റെ ഷര്‍ട്ടുകൊണ്ട് കൈകള്‍ കെട്ടി. തന്നെ ഉപദ്രവിക്കരുതെന്ന അപേക്ഷ അവഗണിച്ച് ബെല്‍റ്റുകളും വടികളും ഉപയോഗിച്ച് തുടകളിലും സ്വകാര്യ ഭാഗങ്ങളിലുമാണ് സംഘം മര്‍ദിച്ചത്. ബോധം മറഞ്ഞ യുവാവിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയി സംഘം ഒരു തൂണില്‍ കെട്ടിയിട്ട് വീണ്ടും മര്‍ദ്ദിച്ചു. തുടര്‍ന്നാണ് റെയില്‍വെ ട്രാക്കിന് സമീപം ഉപേക്ഷിച്ചത്. ഹരിഓം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും അദ്ദേഹം തന്നെ കാണാനായാണ് ഉഞ്ചഹാറിലേക്ക് വന്നതെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ പിങ്കി പറഞ്ഞത്.
ഹരിഓമിന്റെ ക്രൂരമായ കൊലപാതകം മനുഷ്യത്വത്തിന്റെയും ഭരണഘടനയുടെയും നീതിയുടെയും കൊലപാതകം മാത്രമല്ല, ഇന്നത്തെ ഇന്ത്യയില്‍ ദളിതരും ആദിവാസികളും മുസ്‌ലീങ്ങളും പിന്നാക്ക വിഭാഗങ്ങളും പാവപ്പെട്ട ജനങ്ങളും ലക്ഷ്യംവയ്‌ക്കെപ്പെടുകയാണ് എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. അവരുടെ ശബ്ദം ദുര്‍ബലമായതിനാല്‍, അവരില്‍ നിന്ന് അവര്‍ക്ക് അവകാശപ്പെട്ടത് തട്ടിയെടുക്കപ്പെടുകയാണ്. 'അവരുടെ ജീവന് വിലയില്ലെന്ന് കണക്കാക്കുകയാണ്. രാജ്യത്ത് വെറുപ്പിനും വിദ്വേഷത്തിനും അധികാരത്തിന്റെ സംരക്ഷണം ലഭിക്കുകയാണ്. ഇവിടെ ബുള്‍ഡോസര്‍ ഭരണഘടനയെ മാറ്റിസ്ഥാപിച്ചു. നീതിക്ക് പകരം ഭയമാണ്. ഞാന്‍ ഹരിഓമിന്റെ കുടുംബത്തോടൊപ്പം നിലകൊളളുന്നു. അവര്‍ക്ക് നീതി ലഭിക്കണം. ഇന്ത്യയുടെ ഭാവി സമത്വത്തിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായതാണ്. ഈ രാജ്യം ആള്‍ക്കൂട്ടത്താലല്ല, ഭരണഘടനയാല്‍ നയിക്കപ്പെടും': രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlights: Hari Om called Rahul Gandhi's name at the last moment: Raebareli mob lynching details