കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികൾ കൂടി മരിച്ചു; മരുന്ന് കുറിപ്പടിയായി നൽകിയ ഡോക്ടർ അറസ്റ്റിൽ

മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും അറസ്റ്റിലായ ഡോക്ടറാണ് കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്

കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികൾ കൂടി മരിച്ചു; മരുന്ന് കുറിപ്പടിയായി നൽകിയ ഡോക്ടർ അറസ്റ്റിൽ
dot image

ചിന്ദ്വാര: മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മരണം 14 ആയി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർ പ്രവീൺ സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഫ് സിറപ്പ് മെഡിക്കൽ പ്രിസ്‌ക്രിപ്ഷനിൽ എഴുതിയത് ഡോക്ടർ പ്രവീൺ സോണിയാണ്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഈ ഡോക്ടറാണ് കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്.

കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മരണങ്ങൾക്ക് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകളും കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന വിലക്കിയിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ കോള്‍ഡ്രിഫ് മരുന്നുകളുടെ വില്‍പ്പനയ്‌ക്കൊപ്പം കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി. മരുന്നില്‍ 48 ശതമാനം വിഷാംശമുള്ള വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞിരുന്നു. രാജസ്ഥാനില്‍ കോള്‍ഡ്രിഫ് നിരോധിക്കുന്നതിനൊപ്പം ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നല്‍കിയ ചുമമരുന്ന് കഴിച്ച് ഒരു മാസത്തിനിടെ എട്ട് കുട്ടികളാണ് മരിച്ചത്. തുടര്‍ന്ന് തമിഴ്‌നാട് കമ്പനിക്കെതിരെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ വില്‍പ്പന കേരളത്തിലും നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ എസ് ആര്‍ 13 ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്.

കോൾഡ്രിഫ് ഉപയോഗിക്കരുതെന്ന് തെലങ്കാന ഡ്രഗ്‌ കൺട്രോൾ അഡ്മിനിസ്ട്രേഷനും ഉത്തരവിറക്കി. ആശുപത്രികളിൽ നിന്നും മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് മാറ്റാനാണ് നിർദേശം. ആറ് സംസ്ഥാനങ്ങളിൽ നിന്ന് മരുന്നിൻറെ സാമ്പിൾ കേന്ദ്രം നിയോഗിച്ച ഉന്നതല സമിതി ശേഖരിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പരിശോധന. കഫ് സിറപ്പുകളും സമാനമായ മറ്റു മരുന്നുകളും ഉന്നത സംഘം പരിശോധിക്കും.

Content Highlights: Cough syrup Tragedy; first arrest in Madhyapradesh, death toll raised to 14

dot image
To advertise here,contact us
dot image