
ചെന്നൈ: രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ 'കോള്‍ഡ്രിഫ്' എന്ന ചുമമരുന്ന് ഉല്‍പാദകരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. തമിഴ്‌നാട്ടിലെ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ശുപാര്‍ശ ചെയ്തത്. കൂടാതെ, സ്ഥാപനത്തിനെതിരെ നടപടികള്‍ ആരംഭിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികളുടെ മരണത്തിനിടയാക്കി കഫ് സിറപ്പ് വിൽപ്പനയ്ക്ക് കേരളം, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശില്‍ ആദ്യ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഡോ. പ്രവീണ്‍ സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശില്‍ മരിച്ച ഭൂരിഭാഗം കുട്ടികള്‍ക്കും ഈ ഡോക്ടറാണ് കോള്‍ഡ്രിഫ് കുറിച്ച് നല്‍കിയത്.
കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മധ്യപ്രദേശ് സര്‍ക്കാര്‍ കോള്‍ഡ്രിഫ് മരുന്നുകളുടെ വില്‍പ്പനയ്ക്കൊപ്പം കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. മരുന്നില്‍ 48 ശതമാനം വിഷാംശമുള്ള വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞിരുന്നു. രാജസ്ഥാനില്‍ കോള്‍ഡ്രിഫ് നിരോധിക്കുന്നതിനൊപ്പം ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുക്കുകയുമുണ്ടായി.
രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നല്‍കിയ ചുമമരുന്ന് കഴിച്ച് ഒരു മാസത്തിനിടെ എട്ട് കുട്ടികളാണ് മരിച്ചത്. തുടര്‍ന്നാണ് തമിഴ്നാട് ആസ്ഥാനമായ കമ്പനിക്കെതിരെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം ആരംഭിച്ചത്. തമിഴ്നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.
കോള്‍ഡ്രിഫ് ഉപയോഗിക്കരുതെന്ന് തെലങ്കാന ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷനും ഉത്തരവിറക്കിയിട്ടുണ്ട്. ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് മാറ്റാനാണ് നിര്‍ദേശം. ആറ് സംസ്ഥാനങ്ങളില്‍ നിന്ന് മരുന്നിന്റെ സാമ്പിള്‍ കേന്ദ്രം നിയോഗിച്ച ഉന്നതല സമിതി ശേഖരിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പരിശോധന. കഫ് സിറപ്പുകളും സമാനമായ മറ്റു മരുന്നുകളും ഉന്നത സംഘം പരിശോധിക്കും.
Content Highlight; License cancellation recommended for ‘Coldrif’ cough syrup maker after 17 child deaths in India