കുടിച്ചത് ടോയ്‌ലറ്റ് വെള്ളം, തോക്ക് ചൂണ്ടി പേടിപ്പിച്ചു; ഐഡിഎഫിൻ്റെ ക്രൂരതകൾ പറഞ്ഞ് ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ

ഇസ്രയേല്‍ സൈനികര്‍ കുരങ്ങന്മാരെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്നും ആക്ടിവിസ്റ്റുകള്‍ പറഞ്ഞു

കുടിച്ചത് ടോയ്‌ലറ്റ് വെള്ളം, തോക്ക് ചൂണ്ടി പേടിപ്പിച്ചു; ഐഡിഎഫിൻ്റെ ക്രൂരതകൾ പറഞ്ഞ് ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ
dot image

ക്വാല ലംപുര്‍: സഹായവുമായി ഗാസയിലേക്ക് പോയ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില ബോട്ടുകളിലെ ആക്ടിവിസ്റ്റുകളോട് ഇസ്രയേല്‍ പെരുമാറിയത് ക്രൂരമായെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. തങ്ങള്‍ക്ക് കുടിക്കാന്‍ ടോയ്‌ലറ്റിലെ വെള്ളമാണ് നല്‍കിയതെന്നും മലേഷ്യന്‍ ഗായകരും അഭിനേതാക്കളുമായ ഹെലിസ ഹെല്‍മിയും ഹസ്‌വാനി ഹെല്‍മിയും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ വിട്ടയച്ച സഹോദരിമാര്‍ ഇസ്താന്‍ബുള്‍ വിമാനത്താവളത്തിലെത്തിയത്.

36 തുര്‍ക്കികളും 23 മലേഷ്യന്‍ പൗരന്മാരും അടങ്ങുന്ന സംഘമായിരുന്നു ഇന്നലെ വിമാനത്താവളത്തിലെത്തിയത്. തിരിച്ചെത്തിയ സഹോദരിമാര്‍ അനഡൊളു വാര്‍ത്താ ഏജന്‍സിയോടാണ് തങ്ങൾ നേരിട്ട ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ചത്. 'ഞങ്ങള്‍ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ? ചിലയാളുകള്‍ രോഗികളായിരുന്നു, പക്ഷേ അവരെ നോക്കി അവര്‍ മരിച്ചോയെന്നായിരുന്നു ഇസ്രയേലികള്‍ ചോദിച്ചത്. അവര്‍ ക്രൂരന്മാരായ മനുഷ്യരാണ്', അവര്‍ പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ഭക്ഷണം കഴിച്ചതെന്നും തിരിച്ച് എത്തിയിട്ടാണ് പിന്നീട് ഭക്ഷണം കഴിച്ചതെന്നും ഹെലിസ ഹെല്‍മി പറഞ്ഞു. മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ ടോയ്‌ലറ്റ് വെള്ളം മാത്രമാണ് കുടിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ സേന മരുന്നുകള്‍ പിടിച്ച് വെച്ചെന്ന് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സവെരിയോ ടൊമ്മാസി പറഞ്ഞു. അവര്‍ കുരങ്ങന്മാരെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. പേടിപ്പിക്കാന്‍ വേണ്ടി സൈനികര്‍ തോക്കുകള്‍ ചൂണ്ടിയെന്ന് മറ്റൊരു ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ലോറെന്‍സോ ഡി അഗസ്റ്റിനോ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന പണവും അവര്‍ അടിച്ച് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെ ഇസ്രയേലി സൈനികര്‍ മുടിയില്‍ പിടിച്ചുവലിച്ചെന്നും ഇസ്രയേല്‍ പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഗ്രെറ്റയെ ഇസ്രയേല്‍ സൈന്യം മര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്നും ഗ്രെറ്റയെ അവര്‍ ഇസ്രയേല്‍ പതാക പുതപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ആക്ടിവിസ്റ്റുകള്‍ ഇസ്രയേല്‍ ക്രൂരത വിവരിക്കുന്നത്. പിന്നാലെയാണ് കൂടുതല്‍ ആക്ടിവിസ്റ്റുകള്‍ തങ്ങള്‍ നേരിട്ട ദുരിതം പങ്കുവെച്ച് രംഗത്ത് വരുന്നത്.

42 ഫ്‌ലോട്ടിലകളെയാണ് ഇസ്രയേല്‍ സൈന്യം തടഞ്ഞത്. 450ലധികം ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്തു. ഇതില്‍ ചില ആക്ടിവിസ്റ്റുകളെ മാത്രമാണ് ഇസ്രയേല്‍ വിട്ടയച്ചത്. പിടിച്ചുവെക്കപ്പെട്ട ആക്ടിവിസ്റ്റുകള്‍ സുരക്ഷിതരും പൂര്‍ണ ആരോഗ്യവാന്മാരുമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Global Sumud Flotila activists open up the cruality of Israel army

dot image
To advertise here,contact us
dot image