അന്ന് ഗാന്ധിവധം പുനരാവിഷ്കരിച്ച പൂജ ഇന്ന് വധക്കേസില്‍ ഒളിവില്‍;'പ്രണയബന്ധം അവസാനിപ്പിച്ചത് പ്രകോപനം'

കൊലപാതകം ക്വട്ടേഷനാണെന്നും ആസിഫ് എന്നയാളുമായി ചേര്‍ന്നാണ് കൃത്യം നടത്തിയത് എന്നും ഫസല്‍ പൊലീസിനോട് സമ്മതിച്ചു

അന്ന് ഗാന്ധിവധം പുനരാവിഷ്കരിച്ച പൂജ ഇന്ന് വധക്കേസില്‍ ഒളിവില്‍;'പ്രണയബന്ധം അവസാനിപ്പിച്ചത് പ്രകോപനം'
dot image

അലിഗഢ്: മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്‌കരിച്ച സംഭവത്തില്‍ വിവാദം നേരിട്ട ഹിന്ദുമഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ കൊലപാതക കേസില്‍ ഒളിവില്‍. വ്യവസായിയെ കൊലപ്പെടുത്തിയ കേസിലാണ് പൂജ ശകുന്‍ ഒളിവില്‍ പോയിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യവസായിയായ അഭിഷേക് ഗുപ്തയെ കൊലപ്പെടുത്തിയ കേസില്‍പിതാവ് നല്‍കിയ പരാതിയാണ് കേസില്‍ തുമ്പുണ്ടാക്കിയത്. ബൈക്ക് ഷോറൂമിന്റെ ഉടമയായ അഭിഷേകിനെ കൊലപ്പെടുത്താന്‍ പൂജ ശകുനും ഭര്‍ത്താവും വാടകകൊലയാളികളെ ഏര്‍പ്പെടുത്തി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അഭിഷേകിന് പൂജയുമായി ബന്ധമുണ്ടായിരുന്നെന്നും അതില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും അഭിഷേകിന്റെ പിതാവ് നീരജ് ഗുപ്ത ആരോപിച്ചു. കൂടാതെ അഭിഷേകും പൂജയും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളുമുണ്ടായിരുന്നതായും നീരജ് പറയുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സെപ്തംബര്‍ 30-ന് രാത്രി 9.30ഓടെയാണ് അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്. പിതാവിനും ബന്ധുവിനുമൊപ്പം അലിഗഢിലെ ഒരു കവലയില്‍ ബസ് കാത്തു നില്‍ക്കവെയായിരുന്നു കൊലപാതകം നടന്നത്. പിതാവും ബന്ധുവും ബസില്‍ കയറുകയും പിന്നാലെ കയറാന്‍ തുടങ്ങിയ അഭിഷേകിന് നേരെ ബൈക്കിലെത്തിയ ഇരുവര്‍ സംഘം വെടിയുതിര്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അഭിഷേകിന്റെ കൊലയാളികളില്‍ ഒരാള്‍ എന്ന് കരുതുന്ന മുഹമ്മദ് ഫസലിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഒരു തോക്ക് കണ്ടെടുത്തിരുന്നു. കൊലപാതകം ക്വട്ടേഷനാണെന്നും ആസിഫ് എന്നയാളുമായി ചേര്‍ന്നാണ് കൃത്യം നടത്തിയത് എന്നും ഫസല്‍ പൊലീസിനോട് സമ്മതിച്ചു. പൂജയും ഭര്‍ത്താവുമാണ് ക്വട്ടേഷന് പിന്നിലെന്നും കൊലപാതകം നടത്തിയാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം നല്‍കിയെന്നും ഫസല്‍ തന്റെ മൊഴിയില്‍ പറഞ്ഞു. കേസില്‍ ഒളിവില്‍ കഴിയുന്ന പൂജയ്ക്കും ഭര്‍ത്താവിനുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

എന്നാല്‍ അഭിഷേകിനെ വര്‍ഷങ്ങളുമായി പരിചയമുണ്ടെന്നും പിതാവ് നീരജ് തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് അശോക് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞത്. അഭിഷേക് തങ്ങളുടെ വീട്ടില്‍ കളിച്ചു വളര്‍ന്ന ആളാണെന്നും കഴിയുന്ന സഹായങ്ങള്‍ ചെയ്തിട്ടെയുള്ളു എന്നും അശോക് വ്യക്തമാക്കി. കൂടാതെ അഭിഷേകിന്റെ പിതാവ് പത്ത് ലക്ഷം രൂപ തങ്ങള്‍ക്ക് തരാനുണ്ടെന്നും ഇയാള്‍ പറഞ്ഞു.

കൊലപാതകം നടത്താന്‍ പറ്റിയ ആളെ കണ്ടെത്താന്‍ പാണ്ഡെ കുടുംബം ഫസലിനെ ഏല്‍പ്പിക്കുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് ആസിഫുമായെത്തി കുടുംബവുമായി കൂടിക്കാഴ്ച നടത്തി. അഭിഷേകിന്റെ ഫോട്ടോ കാണിച്ചുകൊടുത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. ഒരുലക്ഷം രൂപ പണമായി നല്‍കിയെന്നും പൊലീസ് പറഞ്ഞു.

അഭിഷേകിന് പൂജയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്ന് ആരോപിക്കുകയാണ് പിതാവ് നീരജ് ഗുപ്ത. അഭിഷേകിനോട് തന്നെ വിവാഹം കഴിക്കാന്‍ പൂജ നിര്‍ബന്ധിച്ചിരുന്നു. തങ്ങളുടെ ബിസിനസില്‍ പൂജയെ പങ്കാളിയാക്കാന്‍ മകന്‍ നിര്‍ബന്ധിച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി. മകന്റെ ഈ ബന്ധത്തില്‍ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് പൂജയെ ഒഴിവാക്കാന്‍ അഭിഷേക് ശ്രമം നടത്തി.മകന്‍ പൂജയെ വിവാഹം കഴിക്കുമോ എന്ന് ഭയപ്പെട്ട അമ്മ, അവന്‍ തങ്ങളില്‍നിന്ന് അകന്നുപോകുന്നതില്‍ സങ്കടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരുനാള്‍ മകന്‍ പൂജയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതയായാണ് കൊലപാതകം നടത്തിയതെന്നും നീരജ് ആരോപിച്ചു.

Content Highlight; Aligarh businessman shot dead; police search for Pooja Shakun Pandey in contract killing case

dot image
To advertise here,contact us
dot image