
ബെംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാട്‌സാപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനാണ് ശ്രമം. വിജയനഗര പൊലീസാണ് അന്വേഷണം നടത്തുന്നത്.
കുട്ടികളെ കാണാതായ കേസുകളുമായി ചേർത്ത് വെച്ച് പരിശോധന നടത്തും. 12 വയസുള്ള കുട്ടിയെ വിൽപനയ്ക്ക് വെച്ച സംഭവത്തിൽ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കുട്ടിയെ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരെയും ഇവരുമായി സംസാരിച്ചവരെയും കണ്ടെത്താനാണ് നീക്കം.
ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാർ എന്നിവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്യകകളായ പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗങ്ങൾ ഭേദമാകുമെന്ന് പ്രചരിപ്പിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. 'ഒടനടി സേവ സംസ്‌തേ' എന്ന എൻജിഒയാണ് സംഘത്തെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിൽക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച വിവരം എൻജിഒയ്ക്കാണ് ആദ്യം ലഭിച്ചത്. ശോഭ ഇത്തരം അന്ധവിശ്വാസങ്ങളുളള ഉപയോക്താക്കളെ തിരയുന്നുണ്ടെന്ന വിവരമാണ് എൻജിഒയ്ക്ക് ലഭിച്ചത്. പന്ത്രണ്ടും പതിമൂന്നും വയസ് പ്രായമുളള പെൺകുട്ടികളെ വാട്‌സാപ്പിലൂടെ ആവശ്യക്കാർക്ക് വീഡിയോകോൾ വഴി കാണിച്ചുകൊടുത്തതായും എൻജിഒ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഒരു എൻജിഒ ജീവനക്കാരൻ ആവശ്യക്കാരനെന്ന വ്യാജേന ശോഭയെ സമീപിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൈസുരുവിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ശനിയാഴ്ച്ച രണ്ടുമണിയോടെ എത്താമെന്ന് ശോഭ അറിയിച്ചു. തുടർന്ന് എൻജിഒ സ്ഥാപകരായ കെ വി സ്റ്റാൻലിയും എം എൽ പരശുരാമയും വിജയനഗർ പൊലീസുമായി ചേർന്ന് ഇവർക്കായി വലവിരിക്കുകയായിരുന്നു. ശോഭ എത്തി എൻജിഒ ജീവനക്കാരനുമായി വിലപേശൽ ആരംഭിച്ചു.
ശോഭ 20 ലക്ഷം രൂപയാണ് പെൺകുട്ടിയെ ലൈംഗികബന്ധത്തിനായി നൽകുന്നതിന് ആവശ്യപ്പെട്ടത്. ആദ്യം കുട്ടിയുടെ അമ്മയാണെന്നും പിന്നീട് പെൺകുട്ടി അവരുടെ സഹോദരിയുടെ മകളാണെന്നും പറഞ്ഞ ശോഭ അവസാനം താൻ ദത്തെടുത്ത കുട്ടിയാണെന്നുവരെ പറഞ്ഞു. പിന്നീടാണ് സെക്‌സ് റാക്കറ്റാണെന്ന് സമ്മതിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന തുളസീകുമാർ ഭർത്താവാണെന്നാണ് ശോഭ പറഞ്ഞത്.
Content Highlights: investigation on minor sex racketing team from mysuru