അനധികൃത പാർക്കിങ്ങിൽ വാഹനമിടുന്നവർക്കെതിരെ നടപടി ശക്തമാക്കി അബുദാബി; നിരവധി പ്രവാസികള്‍ക്ക് പിഴ

പിഴ ലഭിച്ചവരില്‍ ഒട്ടേറെ മലയാളികളും ഉള്‍പ്പെടുന്നു

അനധികൃത പാർക്കിങ്ങിൽ വാഹനമിടുന്നവർക്കെതിരെ നടപടി ശക്തമാക്കി അബുദാബി; നിരവധി പ്രവാസികള്‍ക്ക് പിഴ
dot image

ശരിയായ പാര്‍ക്കിംഗ് മേഖലയില്‍ അല്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിരുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി അബുദാബി. കച്ച പാര്‍ക്കിങ്ങിന് എന്നറിയിപ്പെടുന്ന ഒഴിഞ്ഞ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നിരവധി പ്രവാസികള്‍ക്ക് പിഴ ചുമത്തി. യുഎഇയില്‍ നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയുളളത്.

എന്നാല്‍ പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കുന്നതിനായി പലരും കച്ച പാര്‍ക്കിംഗ് എന്നറിയപ്പെടുന്ന ഒഴിഞ്ഞ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിരന്ന നൂറ് കണക്കിന് വാഹനങ്ങള്‍ക്കാണ് അബുദാബി ഗതാഗത വകുപ്പിന്റെ പാര്‍ക്കിങ് വിഭാഗമായ മവാഖിഫ് 500 ദിര്‍ഹം വീതം പിഴ ചുമത്തിയത്.

പിഴ ലഭിച്ചവരില്‍ ഒട്ടേറെ മലയാളികളും ഉള്‍പ്പെടുന്നു. മുസഫ വ്യവസായ മേഖല, ഷാബിയ എന്നിവിടങ്ങളിള്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹന ഉടമകള്‍ക്കെതിരെയാണ് നടപടി. ചില വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വിവിധ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നിരവധി ആളുകള്‍ക്കും കച്ചപാര്‍ക്കിങില്‍ വാഹനം നിര്‍ത്തിയിട്ടതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച വ്യവസായ മേഖലയില്‍ എത്തിയ നിരവധി പേര്‍ക്കും പിഴ ഈടാക്കി.

മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ അബുദാബിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍, ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഒഴിഞ്ഞ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് ഗതാഗത വിഭാഗം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

Content Highlights: Abu Dhabi steps up action against those parking vehicles outside of proper parking zones

dot image
To advertise here,contact us
dot image