ഓൺലൈൻ തട്ടിപ്പിനായി എഐ സാങ്കേതിക വിദ്യയുടെ ദുരുപയോ​ഗം; ജാ​ഗ്രത പാലിക്കണമെന്ന് ഒമാൻ പൊലീസ്

ചാരിറ്റബിള്‍ സംഘടനകളുടെ പേരില്‍ വരെ ദശലക്ഷക്കണക്കിന് റിയാല്‍ തട്ടിയെടുത്തുതായും അന്വേഷണത്തില്‍ കണ്ടെത്തി

ഓൺലൈൻ തട്ടിപ്പിനായി എഐ സാങ്കേതിക വിദ്യയുടെ ദുരുപയോ​ഗം; ജാ​ഗ്രത പാലിക്കണമെന്ന് ഒമാൻ പൊലീസ്
dot image

ഒമാനില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനായി എഐ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. റിയല്‍ എസ്‌റ്റേറ്റ് മേഖലിലാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലും നടക്കുന്നത്. സാങ്കേതിക വിദ്യയിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

എഐ സാങ്കേതിക വിദ്യ തട്ടിപ്പിനായി ഉപയോഗിക്കുന്ന വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എഐ ജനറേറ്റഡ് ഉള്ളടക്കത്തിലൂടെയാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. വാങ്ങലും വില്‍പ്പനയും സുഗമമാക്കുമെന്ന് അവകാശപ്പെടുന്ന പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. വ്യാജ ഡീലുകള്‍ വാഗ്ദാനം ചെയ്ത് ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെ സ്വന്തമാക്കുകയാണ് ഇത്തരക്കാരുടെ രീതി. കുറഞ്ഞ വിലക്ക് ഫാമുകളും അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടെ ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ഇത്തരം ഓഫറുകളില്‍ ആകൃഷ്ടരാകുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ചാരിറ്റബിള്‍ സംഘടനകളുടെ പേരില്‍ വരെ ദശലക്ഷക്കണക്കിന് റിയാല്‍ തട്ടിയെടുത്തുതായും അന്വേഷണത്തില്‍ കണ്ടെത്തി. സംഭാവന യഥാര്‍ത്ഥ ഗുണ ഭോക്താക്കളിലേക്ക് എത്തുന്നതിനായി അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ വഴിമാത്രം തുക കൈമാറണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. മനഃശാസ്ത്രപരമായ കൃത്രിമത്വം, വ്യാജ വെബ്‌സൈറ്റുകള്‍ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകള്‍ കൂടുതല്‍ പ്രഫഷണലായി മാറുകയാണെന്ന് സൈബര്‍ സൂരക്ഷാ വിദഗ്ധന്‍ സുല്‍ത്താന്‍ അല്‍ ഹബ്സി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ നിയമപ്രകാരം, മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു സ്ഥാപനത്തിനും പ്രോപ്പര്‍ട്ടി പരസ്യപ്പെടുത്താന്‍ പാടില്ലെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,852 കേസുകളാണ് ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: AI technology widely used for online fraud in Oman, finds study

dot image
To advertise here,contact us
dot image