
ആലപ്പുഴ: താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. അന്ന് ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എന്‍എസ്എസുകാര്‍ പോലും പിന്തുണച്ചിരുന്നെന്നും ജി സുധാകരന്‍ പറഞ്ഞു. അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരി മണ്ഡലമാണെന്നും രാഷ്ട്രീയ സംരക്ഷണമില്ലായിരുന്നെങ്കില്‍ എന്നേ പൊക്കിക്കൊണ്ടു പോയേനെ എന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ ദേവദത്ത് ജി പുറക്കാട് സ്മരണാഞ്ജലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയില്ല. അന്ന് ഒരു അഴിമതിയും നടന്നിട്ടില്ല. പിന്നീട് ആ വകുപ്പ് കടന്നപ്പളളിക്ക് കൊടുത്തു. ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് എന്‍എസ്എസ് പോലും പിന്തുണച്ചു. ഒരു സമുദായ നേതാവിനെയും പോയി കാണേണ്ടിവന്നിട്ടില്ല. അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമാണ്. രാഷ്ട്രീയ സംരക്ഷണമില്ലായിരുന്നുവെങ്കില്‍ എന്നേ പൊക്കിക്കൊണ്ട് പോയേനെ. അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടുപോയേനെ. ഞാന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഇതെല്ലാം അവസാനിപ്പിച്ചതാണ്. അന്ന് ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല': ജി സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരനെയും ടി എന്‍ പ്രതാപനെയും ജി സുധാകരന്‍ പുകഴ്ത്തി. വി എം സുധീരന്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന, ലളിതമായി ജീവിതം നയിക്കുന്ന രാഷ്ട്രീയ നേതാവാണ് എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. ടി എന്‍ പ്രതാപന്‍, നിയമസഭയില്‍ ഒരു പ്രശ്‌നം പറഞ്ഞാല്‍ അതില്‍ അടിയുറച്ച് നില്‍ക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. 'ചില നേതാക്കളുടെ ധാരണ താന്‍ സാധാരണക്കാരനല്ല എന്നാണ്. ഷര്‍ട്ട് പറത്തി ഇട്ട് നടക്കുന്നവരുണ്ട്. എല്ലാത്തിനും നമ്പര്‍ വണ്‍ എന്നാണ് നമ്മള്‍ പറയാറ്. നമ്പര്‍ ടു ഇല്ല. പക്ഷെ രാഷ്ട്രീയ സാക്ഷരത കുറവാണ്. കേരളം മാത്രമല്ല, രാജ്യം മുഴുവന്‍ താഴോട്ടാണ് പോകുന്നത്. കോണ്‍ഗ്രസും ഇടതുപക്ഷവും താഴോട്ടാണ് പോകുന്നത്. രാഷ്ട്രീയ സാക്ഷരത കുറഞ്ഞു. കേരളത്തിന് സ്വയം പരിശോധന ആവശ്യമാണ്. എല്ലാ കാര്യത്തിലും സ്വയം പരിശോധന നടത്തണം. രാഷ്ട്രീയപ്രവര്‍ത്തകര്‍ എല്ലാവരുമായി ഇടപഴകണം. രാഷ്ട്രീയം നോക്കരുത്. ഇപ്പോള്‍ കൂട്ടായ അധഃപതനമാണ് നടക്കുന്നത്': ജി സുധാകരന്‍ പറഞ്ഞു.
വര്‍ഗീയത പടരുകയാണെന്നും ബിജെപിയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ആരും കരുതേണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. 'കോണ്‍ഗ്രസ് ഉത്തരവാദിത്തം നിര്‍വഹിച്ചോ? ഇടതുപക്ഷം നിര്‍വഹിച്ചിരുന്നുവെങ്കില്‍ ബംഗാളില്‍ സീറ്റ് നഷ്ടമാകുമായിരുന്നോ? എല്ലാം മമതാ ബാനര്‍ജിയുടെയും ബിജെപിയുടെയും പക്കലാണ്. രാഷ്ട്രീയ സാക്ഷരതയല്ല വളരുന്നത്. രാഷ്ട്രീയ നിരക്ഷരതയാണ്': ജി സുധാകരന്‍ പറഞ്ഞു.
സിപിഐഎം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ തന്‌റെ പിതാവിനെ അധിക്ഷേപിച്ചിട്ടും നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു അയാളെന്നും പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ഒരു ചെറിയ കേസെടുത്ത് വിട്ടു, ഒരു പാര്‍ട്ടിയിലും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: G Sudhakaran about political protection for lord ayyappa