
സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമ ആയിരുന്നു രാക്ഷസൻ. വിഷ്ണു വിശാൽ നായകനായി എത്തിയ സിനിമ മികച്ച പ്രതികരണം നേടുകയും വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷ്ണു വിശാലിന്റെ അടുത്ത സിനിമയുടെ ടീസർ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ആര്യൻ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു പക്കാ ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുറെ കൊലപാതകങ്ങളും അതിന് പിന്നാലെ പോകുന്ന വിഷ്ണു വിശാലിന്റെ പൊലീസ് കഥാപാത്രവുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസർ റിലീസിന് പിന്നാലെ ഇത് മറ്റൊരു രാക്ഷസൻ ആകുമോ എന്നാണ് പലരും സോഷ്യൽ മീഡിയയിലിലൂടെ ചോദിക്കുന്നത്. ഒക്ടോബർ 31 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
പ്രവീൺ കെ ആണ് സിനിമ തിരക്കഥയെഴുതി സംവിധനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് സിനിമയിലെ നായിക. ഡിഒപി - ഹരീഷ് കണ്ണൻ, സംഗീതം - ജിബ്രാൻ, എഡിറ്റർ - സാൻ ലോകേഷ്, സ്റ്റണ്ട്സ് - സ്റ്റണ്ട് സിൽവ, പിസി സ്റ്റണ്ട്സ് പ്രഭു. രാംകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത തമിഴ് സൈക്കോ ത്രില്ലറാണ് രാക്ഷസന്‍. വിഷ്ണു വിശാൽ, അമലാ പോൾ എന്നിവർ അഭിനയിച്ച ചിത്രം ദക്ഷിണേന്ത്യയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലറുകളിൽ ഒന്നായിരുന്നു. 2018ലാണ് ചിത്രം തിയറ്ററിലെത്തിയത്. തിയേറ്ററിൽ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു.
വിഷ്ണുവിനും അമല പോളിനുമൊപ്പം ശരവണന്‍, കാളി വെങ്കട്ട്, വിനോദിനി വൈദ്യനാഥന്‍, രാംദോസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രാക്ഷസന്‍ എന്ന ചിത്രത്തിനായി ജിബ്രാന്‍ ഒരുക്കിയ ബാക്ക് ഗ്രൗണ്ട് സ്‌കോറും ചര്‍ച്ചയായിരുന്നു. 30 കോടിയോളമാണ് രാക്ഷസന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ക്രിസ്റ്റഫര്‍ എന്ന വില്ലന്‍ കഥാപാത്രമായി രാക്ഷസനിലെത്തിയ ശരവണന്‍ എന്ന നടനും പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Vishnu Vishaal film Aaryan teaser out now