ഫ്ലാറ്റിൽ തീപിടിത്തം; പുക ശ്വസിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്

ഫ്ലാറ്റിൽ തീപിടിത്തം; പുക ശ്വസിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം
dot image

കോട്ട: ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. തീപിടിത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചായിരുന്നു മരണം.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശർമ്മ മുംബൈയിലായിരുന്നു. പുതിയ സിനിമയിൽ സെയ്ഫ് അലി ഖാൻറെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

അനന്തപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ അവർ പിതാവിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഞായറാഴ്ച രാവിലെ സംഭവസ്ഥലം പരിശോധിച്ച കോട്ട എസ്പി തേജേശ്വനി ഗൗതം പറഞ്ഞു,. ഡ്രോയിംഗ് റൂമിലാണ് തീപിടുത്തമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾ പുക ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നുവെന്നും തീ മറ്റ് മുറികളിലേക്ക് പടർന്നിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി ചാരമായതായും പൊലീസ് പറഞ്ഞു.

അമ്മ മുംബൈയിൽ നിന്ന് എത്തിയതിനു ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറി. കുടുംബത്തിന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ കണ്ണുകൾ ഒരു നേത്രബാങ്കിലേക്ക് ദാനം ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 194 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Content Highlights: 8-year-old TV actor Veer Sharma and brother die in apartment fire in Rajasthan's Kota

dot image
To advertise here,contact us
dot image