
ഉംറ തീര്‍ഥാടകരുടെ യാത്രാ ക്രമീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ശക്തമാക്കി സൗദി. ഇതിന്റെ ഭാഗമായി യുഎഇയിലെ ഉംറ ഓപ്പറേറ്റര്‍മാര്‍ തീര്‍ഥാടകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ താമസസൗകര്യവും മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രയും നിര്‍ബന്ധമായും മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണം.
ഉംറ വീസ, ഹോട്ടല്‍ ബുക്കിങ്, അംഗീകൃത ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കിയാണോ എത്തിയിരിക്കുന്നതെന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ അധികൃതര്‍ കര്‍ശനമായി പരിശോധിക്കും. വീസ അപേക്ഷിക്കുന്ന സമയത്തുതന്നെ പുണ്യസ്ഥലങ്ങളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കുമുള്ള യാത്രയും താമസവും തീര്‍ഥാടകര്‍ ക്രമീകരിക്കണം.
ജിദ്ദ വഴി മക്കയിലേക്കു പോകുന്നവരുടെ ബുക്കിങ്ങുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ബുക്കിങ്ങില്ലാതെ യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് വ്യക്തിപരമായി പിഴ ചുമത്തിയില്ലെങ്കിലും അവരുടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പിഴയോ സിസ്റ്റം വിലക്കോ നേരിടേണ്ടിവരുമെന്ന് മുന്നറയിപ്പില്‍ പറയുന്നു.
Content Highlights: Saudi Arabia steps up efforts to streamline travel arrangements for Umrah pilgrims