കേരളോത്സവം സമ്മാനദാനം; പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്തംഗങ്ങൾക്കും മർദനം, പരാതി

കേരളോത്സവത്തിന്റെ സമാപനദിനത്തിലായിരുന്നു സംഭവം

കേരളോത്സവം സമ്മാനദാനം; പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്തംഗങ്ങൾക്കും മർദനം, പരാതി
dot image

പാലക്കാട്: കേരളോത്സവത്തിന്റെ സമ്മാനദാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് അംഗങ്ങൾക്കും മർദനമേറ്റു. പുതുപ്പരിയാരം പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപനദിനത്തിലായിരുന്നു സംഭവം. ഞായറാഴ്ച വൈകീട്ട് ആറരയോടെ മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലായിരുന്നു കേരളോത്സവത്തിന്റെ ഫൈനൽ സംഘടിപ്പിച്ചത്.

ഫുട്‌ബോൾ മത്സരം കഴിഞ്ഞതോടെ തർക്കം തുടങ്ങി. സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ട് മത്സരാർഥികൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. പിന്നാലെ പരിപാടിയുടെ സമാപനത്തിന് ശേഷം സമ്മാനദാനം വൈകിപ്പിച്ചെന്ന് ആരോപിച്ച് മത്സരാർഥികളും കാണികളും പഞ്ചായത്ത് അധികൃതരുമായി വാക്കേറ്റവും കൈയേറ്റം ഉണ്ടായി.

ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് പി ആർ ബിന്ദു ഉൾപ്പെടെ നാലുപേർക്ക് മർദനമേറ്റത്. എല്ലാ മത്സരവിജയികൾക്കും തിങ്കളാഴ്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനം നൽകാനായിരുന്നു തീരുമാനമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

വാക്കേറ്റത്തിനിടെ ചിലർ പ്രസിഡന്റിനെ അസഭ്യം പറഞ്ഞെന്നും അംഗങ്ങൾ ആരോപിച്ചു. പ്രസിഡന്‍റിനെ മർദിക്കുന്നത് തടയാനെത്തിയ പഞ്ചായത്ത് അംഗങ്ങളായ അജിത, ഗംഗാധരൻ, പ്രസിഡന്റിന്റെ ഡ്രൈവർ ശശീന്ദ്രൻ എന്നിവർക്കും മർദനമേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പഞ്ചായത്ത് അംഗങ്ങൾ പൊലീസിൽ പരാതി നൽകി.

Content Highlights: Panchayath president and members were beaten up following a dispute over the distribution of prizes at the Keralolsavam

dot image
To advertise here,contact us
dot image