400 കോടി പടം, മുടക്കുമുതലിന്റെ അടുത്തൂടെ പോലും പോയില്ല, തിയേറ്ററിൽ തകർന്ന് തരിപ്പണമായി വാർ 2

ബോളിവുഡിന്റെ സ്പൈ യൂണിവേഴ്‌സിലെ വാർ 2 ഒടിടി സ്ട്രീമിങ് തിയതി പുറത്തുവിട്ടു

400 കോടി പടം, മുടക്കുമുതലിന്റെ അടുത്തൂടെ പോലും പോയില്ല, തിയേറ്ററിൽ തകർന്ന് തരിപ്പണമായി വാർ 2
dot image

ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാർ 2 . സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാതെ തകർന്നിരിക്കുകയാണ്. 400 കോടി ബജറ്റിൽ എത്തിയ ചിത്രം മുടക്കു മുതൽ പോലും നേടാനാകാതെ തിയേറ്ററിൽ വീണിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 9 ന് സിനിമ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററിൽ പാളിയ സിനിമയ്ക്ക് ഒടിടിയിൽ മികച്ച പ്രതികരണം നേടാൻ ആകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു.

സിനിമയിലെ ചില സീനുകൾക്ക് ട്രോളും ലഭിച്ചിരുന്നു. സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ഹൃതിക് റോഷൻ എൻ ടി ആർ ഫൈറ്റ് സീനുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ ജൂനിയർ എൻടിആറിന്റെ സിക്സ് പാക്ക് സീനിന് വലിയ തോതിൽ ട്രോളുകൾ ലഭിച്ചിരുന്നു. സിനിമയിലെ ജൂനിയർ എൻടിആറിന്റെ ഇൻട്രോ സീനിൽ നടൻ തന്റെ സിക്സ് പാക്കുമായിട്ടാണ് എത്തുന്നത്. എന്നാൽ ഈ സിക്സ് പാക്ക് വിഎഫ്എക്സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ.

ഈ സീനിൽ നടന്റെ തല വെട്ടിയൊട്ടിച്ചതാണെന്നും ഇത് മോശമായി പോയി എന്നാണ് കമന്റുകൾ. ഇതിലും ഭേദം ആദിപുരുഷാണെന്നും പലരും തമാശരൂപേണ എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. നായകന്മാരാകുമ്പോൾ സിക്സ് പാക്ക് വേണമെന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നതെന്നും ഇത്തരം സ്റ്റീരിയോടൈപ്പുകളെ എന്തിനാണ് പ്രൊമോട്ട് ചെയ്യുന്നതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. സ്പൈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും രണ്ട് സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാനായില്ല എന്നും പലരും കുറിക്കുന്നുണ്ട്.

Content Highlights:  War 2 OTT streaming date out

dot image
To advertise here,contact us
dot image